കണ്ണൂർ> മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവിത സമ്പാദ്യമായരണ്ട് ലക്ഷം രൂപ നൽകി ശ്രദ്ധേയനായ ബീഡി തൊഴിലാളി കുറുവയിലെ ചാലാടൻ ജനാർദ്ധനൻ അന്തരിച്ചു. വ്യാഴം രാത്രി പതിനൊന്നോടെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം കുറുവയിലെ വീട്ടിൽ എത്തിക്കും.ഭാര്യ: പരേതയായ രജനി. മക്കൾ: നവീന, നവന.
കോവിഡ് ദുരിതകാലത്ത് ആകെയുണ്ടായിരുന്ന ജീവിത സമ്പാദ്യവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ശ്രദ്ദേയനായിരുന്നു ചാലാടൻ ജനാർദ്ദനൻ. കേരള ബാങ്ക് കണ്ണൂര് മുഖ്യശാഖയിലെ ഉദ്യോഗസ്ഥന് സി പി സൗന്ദര് രാജന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ജനാര്ദനന്റെ നന്മമനസ് പുറംലോകമറിഞ്ഞത്.
”മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കണ്ട ശേഷമാണ് വാക്സിന് ചാലഞ്ചിനായി പണം നല്കാനായി തീരുമാനിച്ചത്. വാക്സിന് കേന്ദ്രം വില കൂട്ടിയപ്പോള് എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. അപ്പോഴാണ് ഭാര്യ രജനിയുടെ മരണശേഷം കിട്ടിയ ഗ്രാറ്റുവിറ്റി തുകയുടെ കാര്യം ഓര്ത്തത്. അടുത്ത ദിവസം തന്നെ ബാങ്കില് പോയി അത് ദുരിതാശ്വാസനിധിയിലേക്ക് ഇടാന് പറഞ്ഞു.
ഇത് ആരും അറിയരുതെന്നാണ് ഞാന് ആഗ്രഹിച്ചത്. എനിക്ക് ഈ പബ്ലിസിറ്റിയും ആളും ബഹളവും ഒന്നും ഇഷ്ടല്ല, പക്ഷേ എങ്ങനനെയൊ എല്ലാരും അറിഞ്ഞു. മനുഷ്യ സ്നേഹമുള്ളവര്ക്കേ കമ്മ്യൂണിസ്റ്റാകാന് കഴിയൂ. ഞാന് നൂറ് ശതമാനം കമ്യൂണിസ്റ്റല്ല. പാര്ടിക്ക് വേണ്ടി ജീവന് നല്കാന് കഴിഞ്ഞാലേ നൂറ് ശതമാനം ആകൂ. എനിക്ക് അതിന് അവസരം ലഭിച്ചില്ല”- വാക്സിൻ ചലഞ്ചിനെ കുറിച്ചുള്ള ചോദ്യത്തിന് ഇതായിരുന്നു ജനാർദ്ദനന്റെ മറുപടി.