ന്യൂഡൽഹി
യുജിസിയുടെ പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് പ്രകാരം ‘ഇന്ത്യൻ വിജ്ഞാന സമ്പ്രദായ’ത്തിൽ വിദ്യാർഥികൾക്ക് ക്രെഡിറ്റ് സ്കോർ കിട്ടാൻ വേദങ്ങളും പുരാണങ്ങളും പഠിക്കേണ്ടിവരും. പുരാതന ഇന്ത്യയിലെ 18 വിദ്യയാണ് ഇതിനായി യുജിസി നിഷ്കർഷിക്കുന്നത്. നാല് വേദം, അനുബന്ധ വേദങ്ങൾ, പുരാണം, ധർമശാസ്ത്രം, വേദാന്തം, ആചാരങ്ങൾ, യോഗ, സാമൂഹിക പ്രവർത്തനം എന്നിവ ഇവയിൽപെടുന്നു.
പുതിയ വിദ്യാഭ്യാസ നയം 2022 ഒക്ടോബറിൽ പ്രസിദ്ധീകരിച്ചപ്പോൾ ഇക്കാര്യം അറിയിച്ചിരുന്നില്ല. എന്നാൽ, പുതിയ നയത്തിന്റെ അടിസ്ഥാനത്തിലുള്ള പാഠ്യപദ്ധതി ചട്ടക്കൂട് സ്കൂളുകൾക്കും കോളേജുകൾക്കും സർവകലാശാലകൾക്കും ബാധകമാക്കി. ഇതിനു തുടർച്ചയായി സ്കൂളുകളെയും ഓപ്പൺ സ്കൂളുകളെയും ക്രെഡിറ്റ് സംവിധാനത്തിലാക്കി.
ഇപ്പോൾ സർവകലാശാലാ തലത്തിലും നൈപുണ്യ വികസനം എന്ന പേരിൽ വേദ, പുരാണ പഠനം നിർബന്ധമാക്കുകയാണ്. അഞ്ചാം ക്ലാസുമുതൽ പിഎച്ച്ഡിതലംവരെ ഇന്ത്യൻ വിജ്ഞാന സമ്പ്രദായത്തിൽ സ്കോർ നേടേണ്ടിവരും.