ലണ്ടൻ
എർലിങ് ഹാലണ്ടിന്റെ ഗോളടിയിൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിയുടെ മുന്നേറ്റം. ക്വാർട്ടർ ആദ്യപാദത്തിൽ കരുത്തരായ ബയേൺ മ്യൂണിക്കിനെ മൂന്ന് ഗോളിനാണ് പെപ് ഗ്വാർഡിയോളയുടെ സംഘം തകർത്തത്. സിറ്റി തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഹാലണ്ടിനുപുറമെ റോഡ്രിയും ബെർണാഡോ സിൽവയും ലക്ഷ്യംകണ്ടു.
സീസണിൽ 45–-ാംഗോളാണ് ഹാലണ്ട് തൊടുത്തത്. 30 വർഷത്തിനിടെ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾനേടുന്ന പ്രീമിയർ ലീഗ് ക്ലബ് താരമായി ഹാലണ്ട്. മുഹമ്മദ് സലായെയും റൂഡ്വാൻ നിസ്റ്റൽ റൂയിയെയുമാണ് മറികടന്നത്. പുതിയ പരിശീലകൻ തോമസ് ടുഷെലിനുകീഴിൽ സിറ്റിക്കെതിരെ ഇറങ്ങിയ ബയേണിന് പിടിച്ചുനിൽക്കാനായില്ല. റോഡ്രിയുടെ ഒന്നാന്തരം ഷോട്ടിലൂടെയായിരുന്നു സിറ്റിയുടെ ആദ്യ പ്രഹരം. ബയേണിനും അവസരങ്ങൾ കിട്ടി.
മുൻ സിറ്റി താരമായ ലിറോയ് സാനെയുടെ ശ്രമം ഗോൾകീപ്പർ എഡേഴ്സൺ പിടിച്ചെടുത്തു. എന്നാൽ, ബയേണിന്റെ തിരിച്ചടിക്കാനുള്ള ഊർജംകെടുത്തി സിറ്റി രണ്ടാംഗാേളും തൊടുത്തു. ഇക്കുറി സിൽവ. ഹാലണ്ട് കൃത്യതയുള്ള ക്രോസിൽനിന്നായിരുന്നു സിൽവയുടെ ഗോൾ. പിന്നാലെ ഹാലണ്ടും ലക്ഷ്യംകണ്ടു. ബയേൺ ഗോൾകീപ്പർ യാൻ സോമ്മെറെ മറികടക്കാൻ അധികം ആയാസപ്പെടേണ്ടിവന്നില്ല ഹാലണ്ടിന്.
ബയേൺ തട്ടകമായ അലയൻസ് അരീനയിൽ 19നാണ് രണ്ടാംപാദം. ജൂലിയൻ നാഗെൽസ്മാനെ പുറത്താക്കിയാണ് ടുഷെലിനെ ബയേൺ പരിശീലകനാക്കിയത്.















