മംഗളൂരു
കർണാടക തെരഞ്ഞെടുപ്പിൽ ആദ്യ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതോടെ, മോദി–അമിത് ഷാ നേതൃത്വത്തിനെതിരെ പരസ്യവെല്ലുവിളിയുമായി ബിജെപിയില് നേതാക്കളുടെ കൂട്ട രാജിയും പ്രതിഷേധവും. ഭരണവിരുദ്ധ വികാരം നേരിടുന്ന ബിജെപിയുടെ നില കൂടുതൽ പരുങ്ങലിലാക്കുന്നതാണ് നേതാക്കളുടെ രാജി. ബെലഗാവിയിലെ അത്താനി മണ്ഡലത്തിൽ സീറ്റ് നിഷേധിച്ചതോടെ മുൻ ഉപമുഖ്യമന്ത്രിയും ബെലഗാവിയിലെ മുതിർന്ന ലിംഗായത്ത് നേതാവുമായ ലക്ഷ്മൺ സവദി ബിജെപിയിൽനിന്ന് രാജിവച്ചു. സീറ്റ് കിട്ടാത്ത ആർ ശങ്കർ ബിജെപി എംഎൽസി സ്ഥാനം രാജിവച്ചപ്പോള്, മന്ത്രി എസ് അങ്കാര രാഷ്ട്രീയം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചു. മുൻ എംഎൽഎ ദൊഡ്ഡപ്പഗൗഡ പാട്ടീൽ നരിബോലും ബിജെപി വിട്ടു.
ഹിജാബ് നിരോധന വിഷയം കത്തിച്ച ഉഡുപ്പി എംഎൽഎ രഘുപതി ഭട്ടും സീറ്റ് നിഷേധിച്ചതിനെ പരസ്യമായി ചോദ്യംചെയ്തു. മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ജഗദീഷ് ഷെട്ടാർ ബിജെപിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മുതിർന്ന നേതാവ് ഈശ്വരപ്പയും തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു.
ബെലഗാവിക്കു പുറമെ കിട്ടൂർ കർണാടക (മുംബൈ–- കർണാടക) മേഖലയിൽ ബിജെപിയുടെ ശക്തനായ നേതാവാണ് ലിംഗായത്ത് സമുദായ അംഗമായ സവദി. അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചതോടെ അനുയായികൾ നേതൃത്വത്തിനെതിരെ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി. സവദി വ്യാഴാഴ്ച കോൺഗ്രസിൽ ചേരുമെന്നാണ് സൂചന. ജെഡിഎസ്– -കോൺഗ്രസ് സർക്കാരിനെ വീഴ്ത്താൻ കൂറുമാറിയ 17 എംഎൽഎമാരിൽ ഒരാളാണ് ആർ ശങ്കർ.
വിവിധ സമുദായങ്ങളിൽ വലിയ സ്വാധീനമുള്ള മുതിർന്ന നേതാക്കൾ ഉടക്കിയത് ബിജെപിക്ക് ആഘാതമായി. രാം ദുർഗ, ബെലഗാവി നോർത്ത്, ജയനഗർ തുടങ്ങിയ മേഖലകളിൽ നേതൃത്വത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. കൂടുതൽ പേർ വിമത നീക്കവുമായി രംഗത്ത് എത്തുമെന്നാണ് വിവരം.
ശിവമോഗയിൽ കൂട്ടരാജി
ഈശ്വരപ്പയ്ക്ക് നേതൃത്വം സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ശിവമോഗ ബിജെപിയിൽ കൂട്ട രാജി. ബിജെപി ശിവമോഗ ജില്ലാ അധ്യക്ഷൻ, സിറ്റി മുനിസിപ്പൽ കോർപറേഷൻ മേയർ, ഡെപ്യൂട്ടി മേയർ എന്നിവരുള്പ്പെടെ 19 പേർ ബുധനാഴ്ച അംഗത്വം രാജിവച്ചു.















