നേപിതോ
മ്യാന്മറിലെ പട്ടാള ഭരണകൂടം ജനക്കൂട്ടത്തിനുനേരെ നടത്തിയ ക്രൂരമായ ആക്രമണത്തിൽ 34 കുട്ടികൾ ഉൾപ്പെടെ 100 പേർ മരിച്ചു. പട്ടാളഭരണത്തെ എതിർക്കുന്നവരെ ലക്ഷ്യമിട്ട് വിമതമേഖലയിലായിരുന്നു ആക്രമണം. സാഗെയിങ് പ്രവിശ്യയിലെ കൻപാലു ടൗൺഷിപ്പിൽ ചൊവ്വാഴ്ചയായിരുന്നു സൈന്യത്തിന്റെ കൂട്ടനരഹത്യ. പട്ടാളഭരണത്തെ എതിർക്കുന്ന കൻപാലു പീപ്പിൾസ് അഡ്മിനിസ്ട്രേഷൻ ടീമിന്റെ ഓഫീസ് ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു ആക്രമണം. ഇരുനൂറിലധികംപേർ ഓഫീസ് പരിസരത്ത് തടിച്ചുകൂടി. ആദ്യം വിമാനത്തിൽ എത്തി പ്രദേശത്ത് ബോംബ് ഇടുകയായിരുന്നു. 10 മിനിറ്റിനു പിന്നാലെ സൈനിക ഹെലികോപ്റ്ററും സ്ഥലത്ത് എത്തി. ചിതറിയോടിയ ജനക്കൂട്ടത്തിനുനേരെ ഹെലികോപ്റ്ററിൽനിന്ന് വെടിയുതിർത്തു.
മ്യാന്മറിലെ സൈനിക ഭരണത്തിനെതിരെ സാഗെയിങ്ങിലെ ജനങ്ങൾ ശക്തമായ എതിർപ്പ് ഉയർത്തിയിരുന്നു. അവിടെ സൈനിക ഗ്രൂപ്പുകൾ രൂപീകരിച്ച് സ്വന്തം സ്കൂളുകളും ക്ലിനിക്കുകളും നടത്തിയിരുന്നു.
ആക്രമണത്തെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു. 2021 ഫെബ്രുവരിക്കും 2023 ജനുവരിക്കും ഇടയില് 600ല് അധികം വ്യോമാക്രമണമാണ് മ്യാന്മര് സൈന്യം നടത്തിയത്. 2021 ഫെബ്രുവരി ഒന്നിനാണ് സൈന്യം ഭരണം പിടിച്ചെടുത്തത്.















