ന്യൂഡൽഹി> ക്രിസ്ത്യൻ, മുസ്ലീം മതങ്ങളിലേക്ക് മാറിയ ദളിതർക്ക് പട്ടികജാതി പദവി അനുവദിക്കണമെന്ന ഹർജിയിൽ വിശദമായ വാദംകേൾക്കാൻ സുപ്രീംകോടതി. കേന്ദ്രസർക്കാരിന്റെ എതിർപ്പ് അവഗണിച്ചാണ് ഈ വിഷയത്തിൽ വിശദവാദം കേൾക്കാൻ കോടതി തീരുമാനിച്ചത്. മറ്റ് മതങ്ങളിലേക്ക് മാറിയവർക്കും പട്ടികജാതി പദവിക്ക് അവകാശമുണ്ടോയെന്ന കാര്യം പരിശോധിക്കാൻ പ്രത്യേകസമിതി രൂപീകരിച്ചിട്ടുള്ള സാഹചര്യത്തിൽ ഹർജി തള്ളണമെന്നായിരുന്നു കേന്ദ്രസർക്കാർ വാദം. എന്നാൽ, മതംമാറിയെങ്കിലും വിവേചനം നേരിടുന്നവർക്ക് പട്ടിജാതി പദവിക്ക് അർഹതയുണ്ടെന്ന് ഹർജിക്കാർ വാദിച്ചു.
ഈ സാഹചര്യത്തിൽ ഇസ്ലാം, ക്രിസ്ത്യൻ മതങ്ങളിലും ജാതിവ്യവസ്ഥ ആരോപിക്കാൻ കഴിയുമോ ?, കേന്ദ്രസർക്കാർ നിയോഗിച്ച ജസ്റ്റിസ് (റിട്ട.) കെ ജി ബാലകൃഷ്ണൻ സമിതി റിപ്പോർട്ട് നൽകുന്നത് വരെ ഈ വിഷയത്തിൽ നിയമപരിശോധന മാറ്റിവെക്കണോ?, സമിതി റിപ്പോർട്ട് കേന്ദ്രസർക്കാർ തള്ളിയാൽ എന്ത് ചെയ്യും? –തുടങ്ങിയ ചോദ്യങ്ങൾ ജസ്റ്റിസ് സഞ്ജയ്കിഷൻകൗൾ അധ്യക്ഷനായ മൂന്നംഗബെഞ്ച് ഉന്നയിച്ചു. പ്രത്യേകസമിതി റിപ്പോർട്ട് വരുന്നത് വരെ കാത്തിരുന്നാൽ അന്തമില്ലാത്ത കാത്തിരിപ്പായിരിക്കും ഫലമെന്ന് ഹർജിക്കാർ ചൂണ്ടിക്കാണിച്ചു.
ഈ വിഷയത്തിൽ രംഗനാഥമിശ്ര കമീഷൻ സമർപ്പിച്ചിട്ടുള്ള റിപ്പോർട്ട് കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ലെന്ന് അഡീഷണൽ സോളിസിറ്റർജനറൽ കെ എം നടരാജ് കോടതിയെ അറിയിച്ചു. രംഗനാഥമിശ്ര കമീഷൻ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ പ്രായോഗികബുദ്ധിമുട്ടുണ്ടെന്ന് സുപ്രീംകോടതി പ്രതികരിച്ചു. സർക്കാർ അംഗീകരിക്കാത്ത റിപ്പോർട്ടിലെ വിശദാംശങ്ങൾ നിയമപരിശോധനയ്ക്ക് ഉപയോഗിക്കാൻ കഴിയുമോയെന്ന പ്രശ്നത്തിന് ആദ്യം ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ഈ സാഹചര്യത്തിൽ, ഹർജിക്കാർക്കും സർക്കാരിനും രണ്ടുദിവസം വീതം വാദങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകാമെന്ന് കോടതി പറഞ്ഞു.