വാഷിങ്ടൺ> നടപ്പ് സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ വളർച്ച നിരക്ക് പ്രവചനം കുറച്ച് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്). മുമ്പ് പ്രവചിച്ചിരുന്ന 6.1 ശതമാനം വളർച്ച നിരക്ക് ലക്ഷ്യം 5.9 ശതമാനമായാണ് പുതുക്കി നിശ്ചയിച്ചത്. എന്നാൽ, ലോകത്ത് അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് ഐഎംഎഫ് വാർഷിക റിപ്പോർട്ടിൽ പറയുന്നു. 2024– 25 സാമ്പത്തിക വർഷത്തേക്കുള്ള പ്രവചനം (2024 ഏപ്രിൽമുതൽ 2025 മാർച്ചുവരെ) ഈ വർഷം ജനുവരിയിൽ പ്രവചിച്ച 6.8 ശതമാനത്തിൽനിന്ന് 6.3 ശതമാനമായും താഴ്ത്തി.
ഐഎംഎഫിന്റെ വളർച്ചാ പ്രവചനം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവചനത്തേക്കാൾ താഴെയാണ്. 2022- 23ൽ രാജ്യം ഏഴു ശതമാനം ജിഡിപി വളർച്ചയും ഏപ്രിൽ ഒന്നിന് ആരംഭിച്ച നടപ്പ് സാമ്പത്തിക വർഷത്തിൽ 6.4 ശതമാനം വളർച്ചയും കൈവരിക്കുമെന്നായിരുന്നു ആർബിഐയുടെ പ്രവചനം.
ചൈനയുടെ വളർച്ച നിരക്ക് 2023ൽ 5.2 ശതമാനവും 2024ൽ 4.5 ശതമാനവും ആയിരിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ സാമ്പത്തികമാന്ദ്യഭീതി വികസിത രാജ്യങ്ങളെയാണ് പിടികൂടിയിരിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ ഈ വർഷം വളർച്ച നിരക്ക് 0.8 ശതമാനമായും -0.3 ശതമാനമായും കുറയുമെന്നാണ് പ്രവചനം.