കണ്ണൂർ> കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ചെറുപുഴ പഞ്ചായത്തിലെ രാജഗിരിയിൽ പുളിങ്ങോം വാഴക്കുണ്ടം സെവൻസ് സ്വദേശി കാട്ടാത്ത് എബിൻ സെബാസ്റ്റ്യൻ (21) ആണ് കൊല്ലപ്പെട്ടത്.
രാജഗിരിയിലെ തച്ചിലേടത്ത് ഡാർവിന്റെ കൃഷിയിടത്തിൽ ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയ ഡാർവിൻ പടക്കം പൊട്ടിച്ച് ആനയെ ഓടിച്ച ശേഷം അക്രമത്തിനിരയായ എബിനെ കാണുകയായിരുന്നു. ഉടൻ ചെറുപുഴ സഹകരണ ആശുപത്രിയിലും തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കർണാടക വനത്തിൽ നിന്നുമാണ് ആന ജനവാസ മേഖലയിൽ എത്തിയത്. കാട്ടാത്ത് ഷാജിവിന്റെയും സജിനിയുടെയും മകനാണ് എബിൻ.സഹോദരൻ: ബിബിൻ. മുൻപും കാട്ടാനയുടെ അക്രമത്തിൽ ഈ പ്രദേശത്ത് ഒരാൾ കൊല്ലപ്പെട്ടിരുന്നു.















