തിരുവനന്തപുരം> ആലപ്പുഴ നഗരത്തിലെ പാതകള്‍ ആധുനികനിലവാരത്തില്‍ നവീകരിക്കണമെന്ന ജനങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യം യാഥാര്ത്ഥ്യമായിരിക്കയാണെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. 7 മാസത്തിനുള്ളിൽ ആലപ്പുഴ നഗരത്തിലെ 8 റോഡുകളാണ് ആധുനിക നിലവാരത്തിൽ പണിതീർത്തത്. 10 കോടി രൂപ വിനിയോഗിച്ച് നവീകരിച്ചപാതകർ മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നുകൊടുത്തു. കാരാർ സമയത്തിന് മുന്നേ റോഡുകൾ പൂർത്തീകരിച്ച ഉദ്യോഗസ്ഥരേയും കരാറുകാരേയും മന്ത്രി എഫ് ബി പോസ്റ്റിൽ അഭിനന്ദിച്ചു.
പോസ്റ്റ് ചുവടെ
7 മാസത്തിനുള്ളിൽ ആലപ്പുഴ നഗരത്തിലെ 8 റോഡുകൾ ആധുനിക നിലവാരത്തിൽ…
വിനോദസഞ്ചാരത്തിന്റെ ഭാഗമായി വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ ആശ്രയിക്കുന്ന ആലപ്പുഴ നഗരത്തിലെ പാതകള്‍ ആധുനികനിലവാരത്തില്‍ നവീകരിക്കണമെന്നത് ജനങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു. ഏഴ് മാസം കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ അത് യാഥാര്‍ത്ഥ്യമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ 2020-2021 ബജറ്റില്‍ ഉള്‍പ്പെടുത്തി 10 കോടി രൂപ വിനിയോഗിച്ച് നവീകരിച്ച ആലപ്പുഴ നഗരപാതകള്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
ആധുനിക റോഡ് ടാറിംഗ് രീതിയായ ബിഎം & ബിസി, കയര്‍ ഭൂവസ്ത്രം പോലുള്ള ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗം, വെള്ളക്കെട്ടുണ്ടാകുന്ന ഭാഗങ്ങളില്‍ ടൈലുകള്‍ പാകിയുമാണ് റോഡുകള്‍ നവീകരിച്ചിരിക്കുന്നത്. ഇടുങ്ങിയതും ഗതാഗതയോഗ്യമല്ലാതിരുന്നതുമായ റോഡുകള്‍ വീതികൂട്ടി ബലപ്പെടുത്തിയാണ് നിര്‍മ്മിച്ചത്.
2022 സെപ്തംബർ മാസത്തിലാണ് ഈ റോഡുകളുടെ പ്രവൃത്തി ആരംഭിക്കുന്നത്. കരാര്‍ പ്രകാരം 2023 ഓഗസ്ത് മാസം വരെ 11 മാസമാണ് പ്രവൃത്തി പൂര്‍ത്തീകരിക്കേണ്ട കാലാവധി.
എന്നാല്‍ കരാര്‍ ഒപ്പുവെച്ച് ഏഴ് മാസം പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ ആധുനിക നിലവാരത്തിലുള്ള എട്ട് റോഡുകള്‍ പൂർത്തിയാക്കി.
നിശ്ചയിച്ച സമയത്തിന് മുന്‍പേ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ നേതൃത്വം നല്കിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെയും പ്രവൃത്തി ഏറ്റെടുത്ത കരാറുകാരെയും പ്രത്യേകം അഭിനന്ദിക്കുന്നു..