കണ്ണൂർ
അരമനകൾ കയറിയിറങ്ങി ബിഷപ്പുമാരുടെ കാലുപിടിക്കുന്നത് ബിജെപിയുടെ നാടകമാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ആർഎസ്എസ് അക്രമം രാജ്യത്തെ ജനങ്ങൾക്കുമുന്നിലുണ്ട്. ബിജെപിഭരണത്തിൽ ക്രൈസ്തവർ വ്യാപകമായി ആക്രമണത്തിന് ഇരയാകുന്നെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സംഘപരിവാർ ആക്രമണങ്ങൾക്കെതിരെ അടുത്തിടെ ക്രിസ്ത്യൻ പുരോഹിതരുടെ നേതൃത്വത്തിൽ ഡൽഹിയിൽ വിശ്വാസികൾ സമരം ചെയ്തു. ഛത്തീസ്ഗഢിൽ ആയിരക്കണക്കിനാളുകൾ പലായനം ചെയ്യുന്നു. കന്യാസ്ത്രീകളെ ആക്രമിച്ചു. സാഹചര്യം ഇതായിരിക്കെ, ബിജെപിയുടെ നാടകം ജനങ്ങൾ തിരിച്ചറിയും.
റബർ ബോർഡുതന്നെ പിരിച്ചുവിടാൻ തീരുമാനിച്ച കേന്ദ്രസർക്കാർ റബർവിലയുടെ പേരിൽ മുതലക്കണ്ണീരൊഴുക്കുകയാണ്. ലോകായുക്തക്കെതിരായ എൻ കെ പ്രേമചന്ദ്രന്റെ വിമർശം ഇടുങ്ങിയ ചിന്തയിൽനിന്നുള്ളതാണ്. ഇഫ്താർ പാർടിയിൽ എല്ലാവരും പങ്കെടുക്കും. സാഹോദര്യം പങ്കിടുന്ന പരിപാടിയാണത്. കോടതി ഇടപ്പെട്ടതോടെയാണ് അരിക്കൊമ്പൻ വിഷയം കുഴഞ്ഞുമറിഞ്ഞത്. കോടതി ഇത് സർക്കാരിന് വിടണമായിരുന്നു. വനംവകുപ്പിന്റെ ഇടപെടലിൽ പോരായ്മയുണ്ടെങ്കിലേ കോടതി ഇടപെടേണ്ടതുള്ളൂ–- ഇ പി പറഞ്ഞു.