തിരുവനന്തപുരം
പള്ളികളിൽ പാതിരിമാരും മെത്രാൻമാരും നടത്തുന്ന പ്രസംഗങ്ങളും വായിക്കുന്ന ഇടയലേഖനങ്ങളും ഭരണകൂടത്തിനെതിരായ കലാപാഹ്വാനങ്ങളാണെന്ന് ആർഎസ്എസ് മുഖവാരിക കേസരി. വിഴിഞ്ഞം തുറമുഖത്തിനെതിരെ തീരപ്രദേശത്തും ബഫർസോൺ വിധിക്കെതിരെ വനമേഖലയിലും പ്രത്യേക ന്യൂനപക്ഷ വിഭാഗങ്ങൾ നടത്തിയ സമരങ്ങൾ വർഗീയവും ആഭാസകരവുമായിരുന്നെന്നും ‘ കാടിനും തീരത്തിനും വേണ്ടി ന്യൂനപക്ഷ വിലപേശൽ ’ എന്ന ലേഖനത്തിൽ വിമർശിച്ചു.
കേസരിയുടെ മാർച്ച് 24 ലക്കത്തിൽ ഡോ. സി എം ജോയ് ആണ് ലേഖനം എഴുതിയത്. ബിജെപി പ്രവർത്തകരും നേതാക്കളും പള്ളികളിൽ കയറി ക്രൈസ്തവരുടെ പിന്തുണ നേടാൻ പരക്കം പായുന്ന ഘട്ടത്തിലാണ് ആർഎസ്എസിന്റെ തനിനിറം വ്യക്തമാക്കിയ ലേഖനം പ്രസിദ്ധീകരിച്ചത്.
ഭൂരിപക്ഷത്തിന് ഇല്ലാത്ത ഒട്ടേറെ അവകാശങ്ങൾ ഈ പ്രത്യേക ന്യൂനപക്ഷം അനുഭവിക്കുന്നുണ്ടെന്ന് ലേഖനത്തിൽ പറയുന്നു. ആരാധനാലയങ്ങളുടെ മറപറ്റി സമാന്തര ഭരണം നടത്തുന്നു. പ്രാദേശിക വിഘടനവാദങ്ങൾ ഉന്നയിക്കുന്നു. നാടിന്റെ ആകെ വികസനത്തിനായി തുറമുഖം നിർമിക്കുമ്പോൾ അവിടെ കലാപമുണ്ടാക്കി പൊലീസ് സ്റ്റേഷൻവരെ തകർത്തു.
വനമേഖല സംരക്ഷിക്കാനും വന്യമൃഗ–-മനുഷ്യ സംഘർഷം ഇല്ലാതാക്കാനുമാണ് ബഫർസോൺ നിശ്ചയിച്ചത്. അതിനെതിരെയും സമരം നടത്തി. സമരം നടത്തിയത് മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയോ വനമേഖലാവാസികൾക്ക് വേണ്ടിയോ അല്ല. മറിച്ച്, പാതിരിമാർക്കും മെത്രാൻമാർക്കും വേണ്ടിയാണ്. ഈ സമരങ്ങൾ വർഗീയ പ്രക്ഷോഭങ്ങളായിരുന്നെന്നും ലേഖനത്തിൽ പറഞ്ഞു.