തിരുവനന്തപുരം
ദുരിതാശ്വാസനിധി കേസിൽ ലോകായുക്ത ഹർജിക്കാരനെ തുറന്നുകാണിച്ചതും സർവകലാശാലകളിലെ ഇടങ്കോലിടലിൽ വന്ന ഹൈക്കോടതി വിധികളും വിരൽചൂണ്ടുന്നത് സർക്കാരിനെതിരെ കുറുക്കുവഴികൾ സ്വീകരിച്ച പ്രതിപക്ഷത്തിന്റെ പരാജയം. ഉന്നയിക്കുന്ന ആക്ഷേപങ്ങളിൽ കഴമ്പില്ലെന്ന ബോധ്യവും അക്കാര്യം പറഞ്ഞ് ജനങ്ങളെ അണിനിരത്താൻ കഴിയില്ലെന്ന തിരിച്ചറിവുമാണ് പ്രതിപക്ഷത്തെയും ചില മാധ്യമങ്ങളെയും ഈ ഗതികേടിലെത്തിച്ചത്.
രാഷ്ട്രീയവൈരം മാത്രംവച്ച് നിരന്തരം പരാതി അയക്കുകയും കോടതികയറുകയും ചെയ്യുന്ന സർവകലാശാലയിലെ കോൺഗ്രസ് പ്രതിനിധിയായിരുന്ന ആർ എസ് ശശികുമാറിനെ കയറൂരിവിട്ടാണ് കോൺഗ്രസ് നേതാക്കൾ കളിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും കൂട്ടുത്തരവാദിത്വത്തോടെ എടുത്ത ദുരിതാശ്വാസനിധി തീരുമാനം അഴിമതിയാണെന്ന ഹർജിയെയും ആവോളം വാഴ്ത്തിയതും പിന്തുണച്ചതും യുഡിഎഫും മാധ്യമങ്ങളുമാണ്. തങ്ങൾക്കനുകൂലമല്ലാത്ത വിധിവന്നതോടെ നിയമസംവിധാനങ്ങളെത്തന്നെ വെല്ലുവിളിക്കുകയാണ് ഹർജിക്കാരനും കോൺഗ്രസ് നേതാക്കളും ഏതാനും മാധ്യമങ്ങളും. നിയമപരമായി ഏതെങ്കിലും സിപിഐ എം നേതാവിന്റെ ഭാര്യക്കോ ബന്ധുവിനോ ജോലി കിട്ടിയാൽ അതിനെതിരെ ആക്ഷേപം ഫയൽചെയ്യലാണ് ഹർജിക്കാരന്റെ പ്രധാന ജോലി. അവയെ കണ്ണടച്ച് പിന്തുണയ്ക്കാൻ യുഡിഎഫും മാധ്യമങ്ങളും തയ്യാറായി.
രാജ്ഭവനിൽ നിരന്തരം കയറിയിറങ്ങി ഇല്ലാത്ത ചട്ടങ്ങളുടെ പേരിൽ ഗവർണർക്ക് പരാതിക്കെട്ടുകൾ നൽകി തെറ്റിദ്ധരിപ്പിച്ചതും മറ്റാരുമല്ല. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗവർണർ എടുത്ത ഓരോ നടപടിക്കും ഹൈക്കോടതിയിൽനിന്ന് തിരിച്ചടി കിട്ടി. കേരള സെനറ്റ് പിരിച്ചുവിട്ടത്, ഏകപക്ഷീയമായി സർച്ച് കമ്മറ്റി രൂപീകരിച്ചത്, സർക്കാരിനെ മറികടന്ന് സാങ്കേതിക സർവകലാശാലയിൽ വിസി ചുമതല നൽകിയത് തുടങ്ങി എല്ലാ നടപടികളും ചട്ടവിരുദ്ധമായിരുന്നുവെന്ന് തെളിഞ്ഞു.
ദുരിതാശ്വാസ നിധി കേസ് വിധി പറയാൻ ഫുൾ ബെഞ്ചിന് വിട്ടതിനെതിരെ അതിരൂക്ഷ വിമർശമാണ് ഹർജിക്കാരൻ മാധ്യമങ്ങളിലൂടെ നടത്തിയത്. ലോകായുക്തകൾ അഴിമതിക്കാരാണ് എന്ന ആക്ഷേപവും ഉന്നയിച്ചു. ഈ ലോകായുക്തയിൽ വിശ്വാസമില്ലെന്ന് പറഞ്ഞ ആൾ തന്നെയാണ് വീണ്ടും പുനഃപരിശോധനാ ഹർജിയുമായി അവിടെ ചെന്നത്.
പൊതുശല്യമായി മാറിയ വ്യവഹാരി
കുത്തിത്തിരുപ്പ് വ്യവഹാരിയായ കോൺഗ്രസ് നേതാവ് ആർ എസ് ശശികുമാറിന് ലോകായുക്തയിൽനിന്നേറ്റത് കനത്ത പ്രഹരം. സംസ്ഥാനത്തെ സർവകലാശാലകളുടെ ഖ്യാതി ഇടിക്കാനും സുഗമമായ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കാനും സേവ് യൂണിവേഴ്സിറ്റി ഫോറം എന്ന പേരിൽ തട്ടിക്കൂട്ട് സംഘമുണ്ടാക്കി നിരന്തരം കോടതികളിൽ ഹർജിയുമായി എത്തുകയായിരുന്ന ഹോബി. ഇതിൽ പലതിലും കോടതിയിൽനിന്ന് തിരിച്ചടി നേരിട്ടു.
കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള അഭിമുഖത്തിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയായിരുന്ന ഡോ. ഷിജുഖാനെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് വിസിക്ക് നിവേദനം നൽകിയതും ശശികുമാറിന്റെ നേതൃത്വത്തിലായിരുന്നു. അതിന്റെ പേരിൽ വിവാദം ആളിക്കത്തിച്ചു. എന്നാൽ, ആ തസ്തികയിലേക്ക് ഷിജുഖാൻ അപേക്ഷിച്ചിട്ടുപോലുമില്ലായിരുന്നു എന്ന വസ്തുത ഒടുവിൽ പുറത്തുവന്നു.
കൊച്ചി സർവകലാശാലയിൽ പകരക്കാരനായി സിൻഡിക്കറ്റിലെത്തി കാലാവധി പൂർത്തിയായിട്ടും സ്ഥാനത്തുതുടർന്നതായും ശശികുമാറിനെതിരെ ആക്ഷേപമുണ്ട്. ഒടുവിൽ സർക്കാർ പുറത്താക്കി. കേരള സർവകലാശാല ജീവനക്കാരനായിരിക്കെ സിൻഡിക്കറ്റ് യോഗം തടസ്സപ്പെടുത്തിയതിനും നടപടി നേരിട്ടുണ്ട്. മൂന്നു പതിറ്റാണ്ടോളം സർവകലാശാല ജീവനക്കാരനായിരുന്നെങ്കിലും ഒരിക്കൽപ്പോലും ജീവനക്കാരുടെ പ്രതിനിധിയായി സെനറ്റിൽ എത്താൻ ശശികുമാറിന് കഴിഞ്ഞില്ല. പിന്നീട് യുഡിഎഫ് ഭരണകാലത്താണ് സിൻഡിക്കറ്റിലെത്തിയത്.