തിരുവനന്തപുരം
പശ്ചിമതീര ജലപാത വികസനം 2025 ജനുവരിയിൽ പൂർത്തിയാകും. നിർമാണപ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കാൻ അവലോകനയോഗം പദ്ധതിനിർവഹണ ഏജൻസിയായ കേരള വാട്ടർവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലമിറ്റഡി (ക്വിൽ)നോട് നിർദേശിച്ചു. 616 കിലോമീറ്റർ പശ്ചിമതീര കനാൽ മേഖലയെ 13 ഭാഗമായി തിരിച്ചാണ് വികസനപ്രവർത്തനങ്ങൾ.
ഗതാഗതയോഗ്യമായ ആക്കുളം–- കഠിനംകുളം– അരിവാളം ഭാഗത്ത് കഠിനംകുളം മേഖലയിൽ എട്ടു കിലോമീറ്റർ -കനാൽ വീതികൂട്ടൽ, സെന്റ് ആൻഡ്രൂസ് പാലം നിർമാണം, നാല് ബോട്ട് ജെട്ടി, ഹൗസ് ബോട്ട് ടെർമിനൽ നിർമാണം എന്നിവ പുരോഗമിക്കുന്നു. അരിവാളം–- ചിലക്കൂർ ടണൽ–- തൊട്ടിൽപ്പാലം ഭാഗത്ത് തുടരുന്ന കനാൽ സൗന്ദര്യവൽക്കരണത്തിനൊപ്പം നടപ്പാത നിർമാണത്തിനും അനുമതിയായി.
നടയറ–- പരവൂർ–- കൊല്ലം അഷ്ടമുടി കായൽ മേഖലയിൽ 21 കിലോമീറ്റർ ഗാതഗതയോഗ്യമായി. രണ്ടു കിലോമീറ്റർ കനാൽ വികസനവും കാപ്പിൽ ബോട്ട് ജെട്ടി നിർമാണവും മുന്നേറുന്നു.
കൊല്ലം–-കോട്ടപ്പുറം ഭാഗത്ത് തൃക്കുന്നപ്പുഴയിൽ ലോക്ക് കം ബ്രിഡ്ജ് നിർമിക്കുന്നു. കോട്ടപ്പുറം–- ചേറ്റുവ–- ചാവക്കാട് ഭാഗത്ത് വെളിയംകോട്ട് ലോക് കം ബ്രിഡ്ജ് നിർമാണത്തിലാണ്. കാട്ടൂർ ഭാഗത്ത് അഞ്ചു കിലോമീറ്റർ അഴംകൂട്ടലും മതിരപ്പള്ളി പാലവും മൂന്ന് ബോട്ട് ജെട്ടികളും പൂർത്തിയാകുന്നതോടെ, ഈ ഭാഗത്തെ 50 കിലോമീറ്ററിൽ ഗതാഗതസാധ്യമാകും. മണ്ണിട്ടാംപാറ–- കല്ലായി റീച്ചിലെ 30 കിലോമീറ്റർ അടുത്ത മാർച്ചിൽ യാത്രാസജ്ജമാകും. ഇരഞ്ഞിക്കൽ–- മൂഴിക്കൽ ഭാഗത്ത് ചെളിനീക്കലും ആഴംകൂട്ടലും പുരോഗമിക്കുന്നു.
വടകര– -മാഹി കനാലിന്റെ നാലു ഭാഗത്തിൽ 40 മുതൽ 90 ശതമാനംവരെ ജോലി തീർന്നു. കരിങ്ങാലി, മൂഴിക്കൽ ലോക് കം ബ്രിഡ്ജുകൾ, വെങ്ങോലി പാലം എന്നിവയും നിർമാണത്തിലാണ്. 13ൽ 11 നടപ്പാത പൂർത്തിയായി. കോഴിക്കോട് അഴിയൂരിൽ ബോട്ട് ജെട്ടി നിർമാണം പകുതി പിന്നിട്ടു. എടച്ചേരി കച്ചേരി ബോട്ട് ജെട്ടി നിർമാണത്തിനായി പുതുക്കിയ അടങ്കൽ തയ്യാറായി. മാഹി–- വളപട്ടണം ഭാഗത്ത് നിലവിലെ ജലപാതകളെ ബന്ധിപ്പിക്കാനായി പുതിയ ജലപാത നിർമാണത്തിന് ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങി.
കിഫ്ബി നൽകുന്നത് 2804 കോടി
പശ്ചിമതീര ജലപാത നവീകരണത്തിന് കിഫ്ബി ഉറപ്പാക്കുന്നത് 2804 കോടി രൂപ. ജലപാത വികസനത്തിലെ ഒമ്പത് പദ്ധതിക്ക് കിഫ്ബി പണം ഉറപ്പാക്കുന്നു. പാർവതി പുത്തനാറിന്റെ പുനരുദ്ധാരണം (183.65 കോടി), മാഹി–- വളപട്ടണം ഭാഗത്ത് ഭൂമി ഏറ്റെടുക്കലും പുനരധിവാസവും (650 കോടി), 1275 കുടുംബങ്ങളുടെ പുനരധിവാസം (247. 2 കോടി), കോവളം–- ആക്കുളം ഭാഗത്ത് ഭൂമി ഏറ്റെടുക്കൽ (87.18 കോടി), നീലേശ്വരം–- ബേക്കൽ ഭാഗത്ത് ഭൂമി ഏറ്റെടുക്കൽ (186 കോടി), കോഴിക്കോട് കനാൽ സിറ്റി പദ്ധതി (1118 കോടി), കനോലി കനാലിൽ സാമ്പത്തികമേഖല വികസനം (നാലുകോടി), ആക്കുളം– -കൊല്ലം ഭാഗത്ത് സാമ്പത്തികമേഖല വികസനം (61.58 കോടി), അരിവാളത്തിനും തൊട്ടിൽപ്പാലത്തിനുമിടയിൽ കനാൽ സൗന്ദര്യവൽക്കരണം (19.10 കോടി) എന്നിവയ്ക്കാണ് കിഫ്ബി സഹായം.