കൊച്ചി
കൊല്ലം എസ്എൻ കോളേജ് സുവർണജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ പ്രതിയായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. വെള്ളാപ്പള്ളിയെ പ്രതിചേർത്ത് ആദ്യം കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ തുടരാൻ കൊല്ലം സിജെഎം കോടതിയോട് നിർദേശിച്ചു. തുടരന്വേഷണം നടത്തണമെന്ന സിജെഎം കോടതി ഉത്തരവ് നിയമപരമല്ലെന്ന് വിലയിരുത്തി റദ്ദാക്കി.
എസ്എൻ ട്രസ്റ്റ് അംഗമായിരുന്ന പി സുരേന്ദ്രബാബു കീഴ്ക്കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി അനുവദിച്ചാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ഉത്തരവ്. കേസ് തുടരേണ്ടതില്ലെന്ന പൊലീസ് റിപ്പോർട്ട് അംഗീകരിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം കോടതി തള്ളി.
സുവർണജൂബിലി ആഘോഷങ്ങൾക്കായി 1997–-1998ൽ പിരിച്ചെടുത്ത ഫണ്ടിൽനിന്ന് ആഘോഷ കമ്മിറ്റി കൺവീനറായിരുന്ന വെള്ളാപ്പള്ളിയുടെ അക്കൗണ്ടിലേക്ക് 55 ലക്ഷം രൂപ മാറ്റിയെന്നാണ് കേസ്. സുരേന്ദ്രബാബുവിന്റെ പരാതി പരിഗണിച്ച കൊല്ലം സിജെഎം കോടതി കേസെടുത്ത് അന്വേഷിക്കാൻ ഉത്തരവിട്ടു.
2020ൽ വെള്ളാപ്പള്ളിയെ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. വിശ്വാസവഞ്ചന, സാമ്പത്തിക തിരിമറി, പണാപഹരണം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തി. എന്നാൽ, കേസിൽ തുടരന്വേഷണം നടത്തണമെന്ന് ഇതേ കാടതി ഉത്തരവിട്ടു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സുരേന്ദ്രബാബു ഹൈക്കോടതിയെ സമീപിച്ചത്.