മെൽബൺ/വെല്ലിങ്ടൺ
വനിതാ ലോകകപ്പ് ഫുട്ബോളിന് നൂറുനാൾ ബാക്കിനിൽക്കെ ടിക്കറ്റ് വിൽപ്പന സർവകാല റെക്കോഡിലേക്ക്. ഇതുവരെ ആറരലക്ഷം ടിക്കറ്റുകൾ വിറ്റുതീർന്നെന്ന് സംഘാടകർ അറിയിച്ചു. 15 ലക്ഷം ടിക്കറ്റുകൾ വിൽക്കണമെന്നാണ് ലക്ഷ്യമെന്ന് ഫിഫ സെക്രട്ടറി ജനറൽ ഫത്മ സമൗറ പറഞ്ഞു. ഓസ്ട്രേലിയയും ന്യൂസിലൻഡും സംയുക്തമായാണ് ലോകകപ്പിന് വേദിയാകുന്നത്. ജൂലൈ 20ന് ന്യൂസിലൻഡ്–-നോർവെ പോരാട്ടത്തോടെയാണ് വനിതാ ലോകകപ്പിന് തുടക്കം. ആഗസ്ത് 20ന് ഫൈനൽ.
ചരിത്രത്തിലാദ്യമായി 32 ടീമുകൾ അണിനിരക്കുന്ന ലോകകപ്പാണിത്. 10 വേദികളിലായി 64 മത്സരമുണ്ടാകും. 83,500 പേർക്ക് കളി കാണാവുന്ന സിഡ്നിയിലെ സ്റ്റേഡിയം ഓസ്ട്രേലിയയിലാണ് കിരീടപ്പോരാട്ടം. പോർച്ചുഗൽ, അയർലൻഡ്, വിയറ്റ്നാം, ഫിലിപ്പീൻസ്, ഹയ്തി, പാനമ, സാംബിയ, മൊറോക്കോ ടീമുകൾക്ക് അരങ്ങേറ്റ ലോകകപ്പാണ്. ഇത് ഒമ്പതാംപതിപ്പാണ്. നിലവിലെ ചാമ്പ്യൻമാരായ അമേരിക്ക നാലുവട്ടം ജേതാക്കളായി. ജർമനി രണ്ടുതവണയും. നോർവെ, ജപ്പാൻ ടീമുകൾ ഒരു പ്രാവശ്യവും കിരീടം നേടി.















