കോഴിക്കോട്
സൂപ്പർകപ്പിൽ രണ്ടാംജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങും. ശ്രീനിധി ഡെക്കാനാണ് എതിരാളി. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ വൈകിട്ട് അഞ്ചിനാണ് മത്സരം. ആദ്യമത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഐ ലീഗ് ജേതാക്കളായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ 3–-1ന് കീഴടക്കിയിരുന്നു.
തുടർച്ചയായ ജയത്തോടെ എ ഗ്രൂപ്പിൽ സെമി സാധ്യത ഉറപ്പിക്കാനാണ് ബ്ലാസ്റ്റേഴ്സ് പന്തുതട്ടാനൊരുങ്ങുന്നത്. ബംഗളൂരു എഫ്സിയാണ് ഗ്രൂപ്പിലെ മറ്റൊരു ടീം. രണ്ടാമത്തെ മത്സരത്തിൽ ബംഗളൂരു പഞ്ചാബിനെ നേരിടും. ആദ്യമത്സരത്തിൽ ശ്രീനിധിയോട് സമനില വഴങ്ങിയ ബംഗളൂരുവിന് ജയം അനിവാര്യമാണ്.
ആദ്യകളിയിൽ പഞ്ചാബിനെതിരെ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയത്. വ്യക്തമായ മേധാവിത്വമുണ്ടായിരുന്നു. കരുത്തരായ ബംഗളൂരുവിനെ ആദ്യമത്സരത്തിൽ സമനിലയിൽ തളയ്ക്കാൻ കഴിഞ്ഞുവെന്നതാണ് ശ്രീനിധിയുടെ കരുത്ത്.















