മാഡ്രിഡ്
പ്രതിസന്ധികളിൽ ഉലയുന്ന ചെൽസിക്ക് ഇന്ന് അഗ്നിപരീക്ഷ. ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ആദ്യപാദ ക്വാർട്ടറിൽ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെ അവരുടെ തട്ടകത്തിൽ നേരിടണം. കഴിഞ്ഞ സീസണിന്റെ ആവർത്തനമാണ് ഇത്തവണയും. ഇരുപാദം 5–-4ന് റയൽ നേടി. മറ്റൊരു മത്സരത്തിൽ എസി മിലാൻ നാപോളിയുമായി ഏറ്റുമുട്ടും. രാത്രി 12.30നാണ് കളി.
അവസാന നാല് കളിയിൽ രണ്ടും തോറ്റാണ് ചെൽസിയുടെ വരവ്. ഗ്രാഹം പോട്ടറെ പുറത്താക്കി ഇടക്കാല പരിശീലകനായി ഫ്രാങ്ക് ലംപാർഡിനെ നിയമിച്ചു. താരകൈമാറ്റ ജാലകത്തിൽ കോടികൾ മുടക്കിയെങ്കിലും കളത്തിൽ അതൊന്നും പ്രതിഫലിച്ചില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 11–-ാംസ്ഥാനത്താണ്. ബൊറൂസിയ ഡോർട്ട്മുണ്ടിനെ മറികടന്നാണ് അവസാന എട്ടിലിടം കണ്ടെത്തിയത്. റയൽ ആത്മവിശ്വാസത്തിലാണ്.
സ്പാനിഷ് ലീഗിൽ കിരീടപ്രതീക്ഷ മങ്ങിയെങ്കിലും സീസണിൽ രണ്ട് കിരീടം നേടി. സൂപ്പർ കപ്പും, ക്ലബ് ലോകകപ്പും. കിങ്സ് കപ്പിൽ ഫൈനലിലും കടന്നു. ചാമ്പ്യൻസ് ലീഗിൽ എക്കാലവും സ്ഥിരതയാർന്ന പ്രകടനമാണ് കാർലോ ആൻസെലോട്ടിയുടെ സംഘം നടത്താറ്. മുന്നേറ്റനിരയിൽ കരിം ബെൻസെമ–-വിനീഷ്യസ് ജൂനിയർ സഖ്യമാണ് കരുത്ത്. വമ്പൻമാരായ ലിവർപൂളിനെ 6–-2ന് മുക്കിയാണ് ക്വാർട്ടർ ഉറപ്പിച്ചത്.
സ്വന്തംതട്ടകത്തിലാണ് മിലാൻ നാപോളിയെ നേരിടുന്നത്.















