ചേർത്തല
ഭക്ഷ്യോൽപ്പന്ന കയറ്റുമതി വർധിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചേർത്തല പള്ളിപ്പുറത്തെ മെഗാ ഫുഡ് പാർക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഭക്ഷ്യസംസ്കരണത്തിൽ ഗുണനിലവാരത്തിലും സുരക്ഷാ മാനദണ്ഡങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണം. കയറ്റുമതി ചെയ്യുന്ന ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള ലബോറട്ടറികള് സംസ്ഥാനത്ത് നാല് വിമാനത്താവളങ്ങളിലും ഒരുക്കാനുള്ള നടപടി സ്വീകരിക്കും. ഭക്ഷ്യോൽപ്പാദന മേഖലയെ കേവലം പ്രാഥമിക ഉൽപ്പന്നങ്ങളിലേക്കു ചുരുക്കാതെ മൂല്യവര്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റി മേഖലയില് പുരോഗതി കൈവരിക്കുകയാണ് സംസ്ഥാന സര്ക്കാരിന്റെ ലക്ഷ്യം. മെഗാ ഫുഡ് പാര്ക്ക് ഭക്ഷ്യോൽപ്പന്ന സംസ്കരണ മേഖലയിലും കയറ്റുമതിരംഗത്തും കേരളത്തിന്റെ മുന്നേറ്റത്തിനു കരുത്തു പകരും. ഫുഡ് പാര്ക്ക് പൂര്ണമായും പ്രവര്ത്തന സജ്ജമാകുന്നതോടെ ആയിരം കോടിയിലധികം രൂപയുടെ നിക്ഷേപവും മൂവായിരത്തോളം തൊഴിലവസരങ്ങളും ഉറപ്പാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില് സഹ ഉദ്ഘാടകന് കേന്ദ്ര ഭക്ഷ്യ സംസ്കരണ–-വ്യവസായ മന്ത്രി പശുപതി കുമാര് പരസിന്റെ വിഡിയോ സന്ദേശം പ്രദര്ശിപ്പിച്ചു. വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷനായി. മന്ത്രി പി പ്രസാദ് മുഖ്യാതിഥിയായി. എ എം ആരിഫ് എംപി മുഖ്യപ്രഭാഷണം നടത്തി.
ദലീമ എംഎൽഎ, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ എസ് ഹരികിഷോർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, കലക്ടർ ഹരിത വി കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം പ്രമോദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് സുധീഷ്, കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ്, ജില്ലാ പഞ്ചായത്തംഗം പി എസ് ഷാജി, ജയശ്രീ ബിജു, നൈസി ബെന്നി എന്നിവർ സംസാരിച്ചു.















