ആലപ്പുഴ
വികസനവിരോധികൾക്ക് നാടിന്റെ പിന്തുണയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ഏഴ് ജില്ലകളിൽ നിർമിച്ച 18 റോഡുകളും ആലപ്പുഴ ടൗൺ റോഡ് നെറ്റ് വർക്കും ആലപ്പുഴ വൈഎംസിഎ കാമ്പസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്തിനെയും എതിർക്കുന്നവരുടെ വായ്ത്താരിക്കൊപ്പം നിന്നുകൊടുക്കാൻ കഴിയില്ല. കിഫ്ബി മലർപ്പൊടിക്കാരന്റെ സ്വപ്നമാണെന്നായിരുന്നു ചിലരുടെ പരിഹാസം. ബജറ്റിലെ പണംകൊണ്ട് മാത്രം വികസനം നടക്കില്ലെന്നു മനസ്സിലാക്കി വേറെ സ്രോതസ് ഉപയോഗിക്കാൻ ശ്രമിച്ചതിന്റെ ഭാഗമായാണ് കിഫ്ബി രൂപീകരിച്ചത്.
കിഫ്ബിയെ വരിഞ്ഞുമുറുക്കി നമ്മുടെ വികസനം തടയാനാണ് ഇപ്പോൾ ശ്രമം. കിഫ്ബിയിലെ കടം സംസ്ഥാന സർക്കാരിന്റെ കടത്തിന്റെ പരിധിയിലാക്കി. ദേശീയപാത അതോറിറ്റിയും കേന്ദ്ര ഗവൺമെന്റും കിഫ്ബി മാതൃകയിൽ എടുക്കുന്ന വായ്പ കടത്തിന്റെ പരിധിയിലല്ല. ഭൂമിയേറ്റെടുക്കലിന്റെ ഭാഗമായി 5000 കോടി രൂപയാണ് കിഫ്ബിവഴി സർക്കാർ മുടക്കിയത്.
തീരദേശ ഹൈവേയും മലയോരഹൈവേയും യാഥാർഥ്യമാവുകയാണ്. അതിനുള്ള പണവും സർക്കാർ കണ്ടെത്തി. കോവളം– ബേക്കൽ ജലപാതയും അതിവേഗത്തിൽ ഒരുങ്ങുന്നു. ശബരിമലയിൽ വിമാനത്താവളത്തിനുള്ള നടപടി പൂർത്തിയായി. അതിന് അനുമതിയും കിട്ടി. ജനസാന്ദ്രതയും വാഹനപ്പെരുപ്പവുംമൂലം വലയുന്ന കേരളത്തിന്റെ ഗതാഗത വികസനത്തിന് വേഗം കൂട്ടാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി.















