ന്യൂഡൽഹി
രാജ്യത്ത് മുസ്ലീം വേട്ടയുണ്ടെങ്കില് എങ്ങനെ മുസ്ലിം ജനസംഖ്യ വർധിച്ചുകൊണ്ടിരിക്കുന്നുവെന്ന വിചിത്രവാദവുമായി കേന്ദ്രമന്ത്രി നിർമല സീതാരാമൻ. ഇന്ത്യ മുസ്ലിം ജനസംഖ്യയുള്ള ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണ്.
1947- മുതൽ മുസ്ലിം ജനസംഖ്യ വർധിക്കുകയാണ്. സർക്കാർ പിന്തുണയോടെ അവർ ആക്രമിക്കപ്പെടുന്നുണ്ടെങ്കിൽ എങ്ങനെ മുസ്ലിം ജനസംഖ്യ വർധിക്കുമെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. അമേരിക്കൻ സന്ദർശനത്തിനിടെ പീറ്റേഴ്സൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ ഇക്കണോമിക്സ് (പിഐഐഇ) വാഷിങ്ടണിൽ സംഘടിപ്പിച്ച പരിപാടിയിലാണ് പ്രതികരണം.
പാശ്ചാത്യ മാധ്യമങ്ങളിൽ ഇന്ത്യയിലെ മുസ്ലിങ്ങളുടെ സ്ഥിതി സംബന്ധിച്ച് വരുന്ന വാർത്തകൾ നിക്ഷേപസാധ്യതകളെ ബാധിക്കുന്നുണ്ടോയെന്ന പിഐഐഇ പ്രസിഡന്റ് ആദം എസ് പോസെന്റെ ചോദ്യത്തിനായിരുന്നു വിചിത്ര മറുപടി.















