ബീജിങ്
തയ്വാൻ കടലിടുക്കിൽ ചൈന മൂന്നു ദിവസംനീണ്ട സൈനിക അഭ്യാസം അവസാനിപ്പിച്ചതോടെ, തെക്കന് ചൈന കടലില് ഫിലിപ്പീൻസുമായി ചേര്ന്ന് ഏറ്റവും വലിയ സംയുക്ത സൈനിക അഭ്യാസം സംഘടിപ്പിച്ച് അമേരിക്കയുടെ പ്രകോപനം. 12,200 യുഎസ് സൈനികരും ഫിലിപ്പീൻസ് സേനയിലെ 5400 പേരും അഭ്യാസത്തിന്റെ ഭാഗമായി. ഓസ്ട്രേലിയയടക്കം അമേരിക്കന് പക്ഷപാതിത്വമുള്ള 12 രാജ്യങ്ങള് അഭ്യാസത്തിൽ പങ്കാളികളാകും. ഓസ്ട്രേലിയ 100 സൈനികരെ അഭ്യാസത്തിനായി അയച്ചു. ചൈനകടലിലെ തകര്ന്ന കപ്പല് ലക്ഷ്യമാക്കിയുള്ള വെടിക്കോപ്പുകളുടെ പ്രയോഗവും അഭ്യാസത്തിന്റെ ഭാഗമായി നടക്കും. ഏപ്രിൽ 26 വരെയാണ് പ്രകടനം.
സമാധാനവും സുരക്ഷിതത്വവും ലക്ഷ്യമിട്ടാണ് സൈനിക അഭ്യാസം എന്നാണ് യുഎസ് വാദമെങ്കിലും ഇപ്പോഴത്തെ നീക്കങ്ങൾ ഇന്തോ പസഫിക് മേഖലയെ സംഘർഷഭരിതമാക്കും. ചൈനയുടെ കടല് അതിര്ത്തിയുടെ തൊട്ടരികെ സൈനിക പങ്കാളികളെ ഇറക്കി ശക്തിപ്രകടനമാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഫിലിപ്പീൻസിൽ നാല് യുഎസ് നാവിക ആസ്ഥാനം തുടങ്ങാൻ കഴിഞ്ഞ ഫെബ്രുവരിയിൽ ധാരണയായിരുന്നു. പുതിയ ആസ്ഥാനങ്ങളില് മൂന്നും തയ്വാന് ഏറ്റവും സമീപത്തുള്ള ലുസോന് ദ്വീപിലാണ്. ദക്ഷിണ ചൈന കടലിനോട് ചേർന്നുള്ള ഫിലിപ്പീൻസിന്റെ സമുദ്രഭാഗത്താണ് യുഎസ് സേന താവളമുറപ്പിക്കുന്നത്. ഇത്തരം നീക്കങ്ങൾ ചൈനയെ ലക്ഷ്യമിട്ടുള്ളതാണ് എന്നാണ് വിലയിരുത്തൽ.
ഇതിനിടെ, ചൈനയുടെ സൈനിക അഭ്യാസം പൂർത്തിയായെങ്കിലും നിരവധി യുദ്ധക്കപ്പലുകൾ തയ്വാൻ കടലിടുക്കിൽ ക്യാമ്പ് ചെയ്യുകയാണെന്ന് തയ്വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചൈനയുടെ നടപടി നിരുത്തരവാദപരമാണെന്ന് തയ്വാൻ പ്രസിഡന്റ് സായ് ഇങ് വെൻ പറഞ്ഞു. സായ് ഇങ് വെൻ യുഎസ് പ്രതിനിധിസഭാ സ്പീക്കർ കെവിൻ മക്കാർത്തിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ചൈന തയ്വാൻ കടലിടുക്കിൽ മൂന്നു ദിവസത്തെ സൈനിക അഭ്യാസം പ്രഖ്യാപിച്ചത്. ഇതിനിടെ, തയ്വാന് വിഷയത്തില് അമേരിക്കയെ പിന്തുടരുന്ന സമീപനം യൂറോപ്പ് പിന്തുടരേണ്ടതില്ലെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല് മാക്രോണിന്റെ പ്രസ്താവന പുതിയ ചര്ച്ചകള്ക്ക് വഴിതുറന്നിട്ടുണ്ട്.
അമേരിക്ക രാജ്യം വിടുക ; ഫിലിപ്പീൻസിൽ പ്രതിഷേധം
യുഎസ്–- ഫിലിപ്പീൻസ് സംയുക്ത സൈനിക അഭ്യാസത്തിനെതിരെ ഫിലിപ്പീൻസിൽ ജനങ്ങളുടെ പ്രതിഷേധം. മനിലയിലെ യുഎസ് എംബസിക്കു മുന്നിലും ക്വെസോൺ സിറ്റിയിലെ ഫിലിപ്പീൻസ് സൈനിക ആസ്ഥാനത്തും അഗ്വിനാൾഡോയിലെ സൈനിക ക്യാമ്പിനു മുന്നിലും പ്രതിഷേധമുയർന്നു. ‘ഫിലിപ്പീൻസ് ഞങ്ങളുടേതാണ്, അമേരിക്ക രാജ്യം വിടുക’ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം. പ്രതിപക്ഷ പാർടികൾ അടങ്ങുന്ന അമ്പതോളം ഇടതുപക്ഷ സംഘടനകളാണ് പ്രതിഷേധത്തിലുള്ളത്.തങ്ങളുടെ ഉപജീവനമാര്ഗം തടയുംവിധമുള്ള കടലിലെ സൈനികനീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികളും സമരത്തിലാണ്.















