മഞ്ചേരി
പരിക്കുസമയത്തെ പെനൽറ്റി മുംബൈ സിറ്റി എഫ്സിയെ തുണച്ചു. സൂപ്പർ കപ്പ് ഫുട്ബോളിൽ ചർച്ചിൽ ബ്രദേഴ്സിനെ 2–-1ന് കീഴടക്കി. മുംബൈയ്ക്കായി മെഹ്താബ് സിങ്ങും ലല്ലിയൻസുവാല ചാങ്തെയും ലക്ഷ്യംകണ്ടു. ചർച്ചിലിന്റെ ഗോൾ അൻസുമ ക്രോമ നേടി. ഇന്ത്യൻ കളിക്കാരെ മാത്രം അണിനിരത്തിയാണ് വിദേശ താരങ്ങൾ ഉൾപ്പെട്ടെ ചർച്ചിലിനെ മുംബെെ നേരിട്ടത്.
കളി സമനിലയിൽ അവസാനിച്ചെന്ന് കരുതവെയാണ് മുംബൈയുടെ വിജയഗോൾ. പരിക്കുസമയത്ത് മുന്നേറ്റക്കാരൻ വിക്രം പ്രതാപിനെ ചർച്ചിലിന്റെ ജോസഫ് ക്ലമന്റ് വീഴ്ത്തിയതിന് റഫറി പെനൽറ്റിക്ക് വിസിലൂതി. മുന്നേറ്റക്കാരൻ ചാങ്തെയുടെ ഇടങ്കാലുകൊണ്ടുള്ള അടി പോസ്റ്റിന്റെ വലതുമൂല തുളച്ചു.
മത്സരത്തിന്റെ കടിഞ്ഞാൺ ചുവപ്പുകുപ്പായമിട്ട ചർച്ചിലിന്റെ ബൂട്ടിലായിരുന്നു. ഗോവക്കാർ മുംബൈ സിറ്റി എഫ്സിയുടെ പോസ്റ്റിനെ വട്ടമിട്ടു. ഒമ്പതാംമിനിറ്റിൽ ഗോളി ഫുർബ ലാചെൻപയുടെ പിഴവ് മുതലെടുത്ത് അൻസുമ ക്രോമ ചർച്ചിലിനെ മുന്നിലെത്തിച്ചു. ഗോളി തട്ടിയിട്ട പന്ത് ക്രോമ റാഞ്ചിയെടുത്തു. മുന്നേറ്റം തടയാൻ ശ്രമിച്ച ലാചെൻപയെ രണ്ടുതവണ കബളിപ്പിച്ച് ക്രോമ പന്ത് വലയിലെത്തിച്ചു.
ആദ്യപകുതിയിൽത്തന്നെ പ്രതിരോധക്കാരൻ മെഹ്താബ് സിങ്ങിലൂടെ മുംബൈ മറുപടി നൽകി. മൈതാനത്തിന്റെ മധ്യഭാഗത്തുനിന്ന് റൗളിൻ ബോർജസ് ഉയർത്തിയടിച്ച ഫ്രീകിക്ക് എതിർ പോസ്റ്റിനുസമീപം നിലയുറപ്പിച്ച മെഹ്താബ് അനായാസം വലയിലാക്കി. ആക്രമണവും പ്രത്യാക്രമണവും കനത്തതോടെ ആദ്യപകുതി ആവേശപ്പൂരമായി. ഇരുകൂട്ടർക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. ക്രോമയുടെ രണ്ട് ഗോൾശ്രമങ്ങൾ പുറത്തുപോയി. മുംബൈ മുന്നേറ്റക്കാരൻ ചാങ്തെക്ക് കിട്ടിയ തുറന്ന അവസരവും ഗോളാക്കാനായില്ല. തുടക്കത്തിലെ കുതിപ്പ് തുടരാൻ രണ്ടാംപകുതിയിൽ ഇരുകൂട്ടർക്കുമായില്ല. ഇതിനിടെ മുംബൈ മധ്യനിരക്കാരൻ അപുയ റാൾത്തെ പരിക്കേറ്റ് മൈതാനം വിട്ടു.















