തിരുവനന്തപുരം> ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രസ്താവന വർഗീയ വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. വിദ്വേഷപ്രചാരണത്തിലൂടെ കലാപാന്തരീക്ഷം സൃഷ്ടിക്കാനാണ് ആർഎസ്എസും ബിജെപിയും തുടർച്ചയായി ശ്രമിക്കുന്നത്. രാജ്യത്തെ മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്താൻ ഡിവൈഎഫ്ഐ നേതൃനിരയിൽ പ്രവർത്തിച്ച മന്ത്രി മുഹമ്മദ് റിയാസിനെ മതം പറഞ്ഞ് ആക്ഷേപിക്കാനാണ് സുരേന്ദ്രൻ ശ്രമിച്ചത്. മുസ്ലീം സമം ഭീകരവാദി എന്ന തലത്തിലേക്ക് കാര്യങ്ങൾ കൊണ്ടു പോകുകയാണ്. ഇത് മതനിരപേക്ഷ കേരളം അംഗീകരിക്കില്ല.
ഇത്രയും നാൾ ഹിന്ദു ഉണരണമെന്ന് പറഞ്ഞവർ ഹിന്ദു ഉണരാത്തത് കൊണ്ട് ക്രിസ്ത്യാനികളെ ഉണർത്താൻ വീടുകൾ കയറുകയാണ്. ക്രിസ്മസിനെ വിനാശകരമായ ആഘോഷമെന്നും മദർ തെരേസയെ കള്ളപ്പണിക്കാരിയെന്നും ആക്ഷേപിച്ചവരാണ് ബിജെപിക്കാർ. ക്രിസ്ത്യാനികളെ കുരിശു കൃഷിക്കാർ എന്ന് വിളിച്ച ആളാണ് സുരേന്ദ്രൻ. രാജ്യത്താകെ മതന്യൂനപക്ഷങ്ങൾക്കെതിരെ കടുത്ത ആക്രമണമാണ് ആർഎസ്എസും ബിജെപിയും നടത്തുന്നത്. ആർഎസ്എസ് അതിക്രമങ്ങൾ തുറന്നുകാട്ടാൻ 17ന് ജില്ലാ കേന്ദ്രങ്ങളിൽ ‘ഓർമപ്പെടുത്തൽ’ എന്ന പേരിൽ പരിപാടി സംഘടിപ്പിക്കും. പ്രദർശനം അടക്കം ഇതിന്റെ ഭാഗമായി നടത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.