കൊച്ചി > സമൂഹമാധ്യമങ്ങൾ വഴിയുള്ള ഓൺലൈൻ ആക്രമണങ്ങളിൽ വ്യക്തിപരമായി ഏറെ തളർന്നുപോയിട്ടുണ്ടെന്ന് നടി പാർവതി തിരുവോത്ത്. ആക്രമണങ്ങൾ രൂക്ഷമായിരുന്ന മോശം അവസ്ഥയിൽ കുടുംബവുമായി ദുബായിൽപോയി നിന്നിട്ടുണ്ടെന്നും പാർവതി “ദ ന്യൂസ് മിനിറ്റി’ ന്റെ വുമൺ ഓഫ് പവർ പരിപാടിയിൽ പറഞ്ഞു.
“സുഹൃത്തും സഹപ്രവർത്തകയുമായ റിമ കല്ലിങ്കലിനോട് ഇക്കാര്യങ്ങളെല്ലാം സംസാരിച്ചിട്ടുണ്ട്. ഇത്തരം സമയങ്ങളിൽ ട്വിറ്റർ നോക്കാനേ പോകരുത്. മോശം കമന്റുകൾ പറയുന്നവരോട് മറുപടി പറയാൻ നിൽക്കരുത് എന്നെല്ലാം റിമ പറഞ്ഞു. പക്ഷേ, എന്തിനാണ് അതിൽനിന്നെല്ലാം ഓടിയൊളിക്കുന്നത് എന്നായിരുന്നു ചിന്ത. ചിലതിനെല്ലാം മറുപടി കൊടുത്തു. വീണ്ടും സൈബർ ആക്രമണങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. ആദ്യമൊന്നും കുഴപ്പമുണ്ടായിരുന്നില്ല. പിന്നീട് അത് മാനസികമായും ശാരീരികമായും ബാധിക്കാൻ തുടങ്ങി.
വധഭീഷണികളും പീഡന ഭീഷണികളുംവരെ ഉണ്ടായി. പൊലീസിൽ പരാതി നൽകി. കുടുംബവുമായി കുറച്ചുദിവസം ദുബായിലേക്ക് മാറിനിന്നു. ആദ്യത്തെ മൂന്ന് നാല് മാസം അങ്ങനെതന്നെ പോയി. പിന്നീട് ശ്രദ്ധിക്കുമ്പോൾ ബ്ലഡ് പ്രഷർ കുറയുന്നതായി മനസ്സിലായി. മാനസികാരോഗ്യവും മോശമായി. വളരെ സ്ട്രോങ് ആയതുകൊണ്ട് പെട്ടെന്ന് റിക്കവർ ആകുമെന്നും, ഇതൊന്നും ബാധിക്കില്ലെന്നും കരുതി. ആദ്യമൊന്നും നമ്മൾ തിരിച്ചറിയില്ല എത്രത്തോളം ഒരു വിഷയം ബാധിച്ചിട്ടുണ്ടെന്ന്. ഒരു അപകടമുണ്ടായാൽ പെട്ടെന്ന് വീണ്ടും നടന്ന് തുടങ്ങുമ്പോൾ എല്ലാം ശരിയായെന്ന് കരുതും. ഉള്ളിലെ മുറിവ് എത്ര ആഴത്തിലുള്ളതാണെന്ന് ആ ഘട്ടത്തിൽ മനസ്സിലാകണമെന്നില്ല.
മനസ്സും ശരീരവും ആ സമയത്ത് പ്രവർത്തിച്ചത് മുഴുവൻ അതീജീവനത്തിന് വേണ്ടിയായിരുന്നു. കൃത്യമായ സഹായം വേണമെന്ന് മനസ്സിലാക്കി. പിന്നീടുള്ള ഒരു വർഷം വളരെ കടുപ്പമേറിയതായിരുന്നു. ജോലിയിൽനിന്ന് മാറ്റിനിർത്തിയത് ഇതെല്ലാമായിരുന്നു. അതേസമയം തന്നെയാണ് സിനിമയിലെ കൂട്ടായ്മ ഉണ്ടാകുന്നത്. പരസ്പരം സഹായിച്ചും പ്രതിസന്ധികൾ പങ്കുവച്ചും മുന്നോട്ടുവന്നു. എന്റെ പല സഹപ്രവർത്തകരും ഇപ്പോഴും ഇത്തരത്തിൽ ആക്രമിക്കപ്പെടുന്നുണ്ട്. പ്രിവിലേജുകളുടെ അടിസ്ഥാനത്തിൽ മാത്രം തലക്കെട്ടുകളിൽ ഇടംപിടിക്കേണ്ടതുകൊണ്ട് പലതും പുറത്തുവരുന്നില്ല എന്നുമാത്രം’ – പാർവതി പറഞ്ഞു.