ന്യൂഡൽഹി> വിവിധ സംസ്ഥാനങ്ങളിൽ മഴയിലും ആലിപ്പഴം വർഷത്തിലും മഞ്ഞുവീഴ്ചയിലും കർഷകർക്കും കർഷകത്തൊഴിലാളികൾക്കും ഉണ്ടായ ദുരിതങ്ങളിൽ അഖിലേന്ത്യ കിസാൻസഭ ആശങ്ക പ്രകടിപ്പിച്ചു. മഹാരാഷ്ട്ര, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ജമ്മു– കശ്മീർ, ഉത്തർപ്രദേശ്, ഡൽഹി, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ റാബി വിളകൾക്ക് വ്യാപക നാശമുണ്ടായി. താപനിലയിലുണ്ടാകുന്ന അപ്രതീക്ഷിത വ്യതിയാനങ്ങളും വിളകളെ ബാധിക്കുന്നു.
കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ നിരുത്തരവാദിത്തം കർഷകരുടെ ദുരിതം ഇരട്ടിയാക്കുന്നു. വിളനാശം രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കും അപകടകരമാണ്. 2021- 22ൽ റാബിസീസണിൽ സംഭരണം കുറഞ്ഞത് നിലവിലെ ഭക്ഷ്യപണപ്പെരുപ്പത്തിനുള്ള മുഖ്യകാരണമാണ്. കർഷകരെയും കൃഷിയെയും രക്ഷിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് കിസാൻസഭ അഖിലേന്ത്യ പ്രസിഡന്റ് അശോക് ധാവ്ളെയും ജനറൽ സെക്രട്ടറി വിജു കൃഷ്ണനും ആവശ്യപ്പെട്ടു.