ന്യൂഡൽഹി> ദേശീയ പാർട്ടി പദവി തെരഞ്ഞെടുപ്പ് കമീഷൻ പിൻവലിച്ചെങ്കിലും രാജ്യമെമ്പാടും ജനങ്ങൾക്കിടയിൽ വർധിത വീര്യത്തോടെയും അർപ്പണബോധത്തോടെയും പ്രവർത്തനം തുടരുമെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. ആനുപാതിക പ്രാതിനിധ്യം, ഇലക്ടറൽ ബോണ്ട് നിരോധനം, ഇന്ദ്രജിത് ഗുപ്ത സമിതി റിപ്പോർട്ട് അനുസരിച്ച് തെരഞ്ഞെടുപ്പ് ചെലവ് സർക്കാർ വഹിക്കൽ എന്നിവ സാധ്യമാക്കാൻ സമഗ്ര തെരഞ്ഞെടുപ്പ് പരിഷ്കരണത്തിനായി സിപിഐ ശക്തമായ പ്രചാരണം നടത്തും. സമകാല വെല്ലുവിളികൾ തരണം ചെയ്യാൻ സിപിഐയ്ക്ക് ശേഷിയുണ്ട്.
തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനം എടുക്കും മുമ്പ് സിപിഐയുടെ സമ്പന്ന ചരിത്രവും ബ്രിട്ടീഷുകാർക്കെതിരായ സ്വാതന്ത്ര്യസമരത്തിൽ വഹിച്ച പങ്കും പരിഗണിക്കേണ്ടിയിരുന്നു. രാജ്യത്ത് ജനാധിപത്യം ശക്തിപ്പെടുത്താനുള്ള പോരാട്ടങ്ങളിൽ സിപിഐ മുൻനിരയിലാണ്. ഭരണഘടന മൂല്യങ്ങളും സാമൂഹ്യനീതിയും മതനിരപേക്ഷതയും സോഷ്യലിസവും സംരക്ഷിക്കാനുള്ള പോരാട്ടങ്ങളിൽ സിപിഐ മറ്റാർക്കും പിന്നിലല്ല. രാജ്യസേവനവും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടവും സിപിഐ തുടരുമെന്ന് ദേശീയ ജനറൽ സെക്രട്ടറി ഡി രാജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിനുശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.