കൊച്ചി > എസ്എൻ കോളജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശൻ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കേസിൽ തുടരന്വേഷണം നടത്തണമെന്ന കൊല്ലം സിജെഎം കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി സിംഗിൾ ബഞ്ചിൻറേതാണ് ഉത്തരവ്. കേസിൽ തുടരന്വേഷണം നടത്തണമെന്ന കൊല്ലം സിജെഎം കോടതിയുടെ ഉത്തരവ് ജസ്റ്റിസ് സിയാദ് റഹ്മാൻ റദ്ദാക്കി. കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരനും എസ്എൻ ട്രസ്റ്റ് അംഗവുമായിരുന്ന സുരേന്ദ്ര ബാബു നൽകിയ ഹർജിയിലാണ് കോടതി നടപടി.
1997ൽ എസ്എൻഡിപി സുവർണ ജൂബിലിയുമായി ബന്ധപ്പെട്ട് ഫണ്ട് പിരിച്ചെടുത്തതിൽ തിരിമറി നടന്നുവെന്നാണ് കേസ്. വെള്ളാപ്പള്ളി നടേശൻറെ അക്കൗണ്ടിലേക്ക് 55 ലക്ഷം മാറ്റിയെന്നാരോപിച്ച് സുരേന്ദ്രബാബു നൽകിയ പരാതിയിലായിരുന്നു കൊല്ലം സിജെഎം കോടതി കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടത്. 2020ൽ കേസിൽ വെള്ളാപ്പള്ളിയെ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് കീഴ്ക്കോടതി തുടരന്വേഷണത്തിനും ഉത്തരവിട്ടു. തുടർന്ന് കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് തുടരേണ്ടതില്ലെന്ന റിപ്പോർട്ട് അംഗീകരിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം തള്ളി.