ന്യൂഡൽഹി
കേന്ദ്ര സർക്കാർ പുറത്തുവിട്ട സംസ്ഥാനങ്ങളുടെ ഊർജകാര്യക്ഷമതാ സൂചികയിലും തിളങ്ങി കേരളം. 60 പോയിന്റിനു മുകളിലുള്ള മുൻനിര സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം. 2021–-22 വർഷത്തെ പട്ടിക ഡൽഹിയിൽ കേന്ദ്ര ഊർജമന്ത്രി ആർ കെ സിങ് പുറത്തുവിട്ടു.
അമ്പതോളം വ്യത്യസ്ത ഘടകങ്ങൾ പരിഗണിച്ചാണ് സംസ്ഥാനങ്ങളുടെ ഊർജകാര്യക്ഷമത നിശ്ചയിക്കുന്നത്. ഇത്തവണ പദ്ധതിയധിഷ്ഠിത സൂചികകളും കേന്ദ്രസർക്കാർ പരിഗണിച്ചിരുന്നു. സംസ്ഥാനങ്ങളുടെ ഊർജകാര്യക്ഷമത കൈവരിക്കാൻ നടപ്പാക്കുന്ന പദ്ധതികളുടെ വിലയിരുത്തൽകൂടിയാണിത്. കേരളത്തിനു പുറമെ ആന്ധ്രപ്രദേശ്, കർണാടകം, രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളും മുൻനിര വിഭാഗത്തിലുണ്ട്. 50 മുതൽ 60 പോയിന്റ് നേടിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിലുള്ളത് അസം, ഹരിയാന, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവയാണ്.















