ന്യൂഡൽഹി
സർവകലാശാലകളിലെയും കോളേജുകളിലെയും അധ്യാപകരുടെയും സമാന കേഡറിലുള്ള ജീവനക്കാരുടെയും ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി കിട്ടാനുള്ള കുടിശ്ശിക ഉടൻ നൽകണമെന്ന് കേരളം. ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ സന്ദർശിച്ച് ആവശ്യമുന്നയിച്ചു. പരിഷ്കരണത്തിന്റെ ഭാഗമായായുള്ള അധികബാധ്യതയുടെ 50 ശതമാനമാണ് (750 കോടിയോളം രൂപ) കേന്ദ്രം നൽകാനുള്ളത്.
സർവകലാശാലകളിലെ ഗവേഷണ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ഉന്നത വിദ്യാഭ്യാസസേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യാനും സംസ്ഥാനം നടത്തിവരുന്ന പരിശ്രമം കേന്ദ്രമന്ത്രിക്ക് വിശദീകരിച്ച് നൽകി. കേരളത്തിന്റെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് ധർമേന്ദ്ര പ്രധാൻ ഉറപ്പുനൽകി. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ ചെയർമാൻ ടി ജി സീതാറാമുമായും ആർ ബിന്ദു കൂടിക്കാഴ്ച നടത്തി.