തൃശൂർ
സ്വാതന്ത്ര്യസമരം കരുപ്പിടിപ്പിച്ച ജീവിതമാണ് കെ വി രാമനാഥന്റേത്. കുട്ടിക്കാലത്ത് നടന്ന കുട്ടംകുളം സമരം അദ്ദേഹത്തിന്റെ ജീവിതത്തിൽ ജാതിവിരുദ്ധചിന്ത വളർത്തി. ജീവിതകാലമത്രയും കമ്യൂണിസ്റ്റ് അനുഭാവിയായിരുന്നു.
സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ട കാലത്തായിരുന്നു വിദ്യാഭ്യാസം. 1947ൽ പത്താംക്ലാസ് പാസായി. ക്വിറ്റിന്ത്യാസമരകാലത്ത് ആറാംക്ലാസ് വിദ്യാർഥി. 8,9 ക്ലാസുകളിലെത്തിയപ്പോഴേക്കും എമു കലാനി, ഭഗത് സിങ് തുടങ്ങിയവരുടെ ജീവിതകഥ ഒളിച്ചുവായിച്ചുതുടങ്ങി. അക്കാലത്തുതന്നെ ഇരിങ്ങാലക്കുട ബോയ്സ് സ്കൂളിൽ ആസാദ് ഹിന്ദ് എന്ന കൈയെഴുത്തുമാസിക പുറത്തിറക്കിയിരുന്നു. ഇതിൽ എഴുതിത്തുടങ്ങി.
മഹാരാജാസ് കോളേജിൽ ഇന്റർമീഡിയറ്റ് പഠനത്തിനെത്തിയതോടെ അദ്ദേഹത്തിന്റെ ജീവിതം മാറി. അധ്യാപകരായി ജി ശങ്കരക്കുറുപ്പും ബഹുഭാഷാപണ്ഡിതനായ എൽ വി രാമസ്വാമി അയ്യരും. സീനിയർ വിദ്യാർഥികളായി എം ലീലാവതി, എം എൻ വിജയൻ തുടങ്ങിയവർ കോളേജിലുണ്ട്. എം അച്യുതൻ സഹപാഠി. കോളേജിനുപുറത്താണെങ്കിൽ പി ജെ ആന്റണി, എരൂർ വാസുദേവ്, എൻ ഗോവിന്ദൻകുട്ടി, കെ എ ജബ്ബാർ, പോഞ്ഞിക്കര റാഫി എന്നിവരുമായുള്ള ബന്ധം. ബഷീർ ഇടയ്ക്കിടെ ഇവിടെയെത്തും. ഈ സംഘവുമായുള്ള അടുപ്പവും പരിചയവും പുതിയ ലോകം തുറന്നു.
മഹാരാജാസിൽ 1947 ആഗസ്ത് 15 ന് ഉണ്ടായ കൊടി സമരത്തെത്തുടർന്ന് അവിടെ രൂപംകൊണ്ട ജയ്ഹിന്ദ് പാർടിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. പുരോഗമനവാദികളുടെ ഗ്രൂപ്പായിരുന്നു അത്. പഠനകാലത്ത് ഇടതുപക്ഷ ചിന്താഗതിക്കാരനായി.
“അപ്പുക്കുട്ടനും ഗോപിയും’ തുടക്കം, അത്ഭുതവാനരന്മാർ ഹിറ്റ്
ബാലസാഹിത്യരംഗത്ത് അസാമാന്യ പ്രതിഭയായിരുന്നു കെ വി രാമനാഥൻ. 1961ലാണ് ആദ്യപുസ്തകം പുറത്തിറങ്ങുന്നത്. ‘അപ്പുക്കുട്ടനും ഗോപിയും’. ഏറ്റവും ഹിറ്റായത് അത്ഭുതവാനരന്മാരാണ്. സാഹിത്യ പ്രവർത്തക സഹകരണസംഘം കുട്ടികൾക്കായി 12 പുസ്തകങ്ങൾ അടങ്ങിയ സമ്മാനപ്പെട്ടി പദ്ധതി പ്രഖ്യാപിച്ചു. മത്സരവും സംഘടിപ്പിച്ചു. അതിലേക്ക് ‘അപ്പുക്കുട്ടനും ഗോപിയും’ അയച്ചുകൊടുത്തു. കുട്ടിക്കാലത്ത് ഉറുമ്പുകളുടെ ജീവിതം നോക്കിപ്പഠിക്കുന്ന ശീലമുണ്ടായിരുന്നു. അപ്പുക്കുട്ടനും ഗോപിയും ഉറുമ്പുകളായി മാറുന്ന കഥയാണിത്. മത്സരത്തിൽ ഈ കഥയ്ക്ക് സമ്മാനം കിട്ടി. കാരൂർ, ലളിതാംബിക അന്തർജനം തുടങ്ങിയ പ്രമുഖരുടെ പുസ്തകങ്ങളും ഈ സമ്മാനപ്പെട്ടിയിലുണ്ടായിരുന്നു. സി എൻ ശ്രീകണ്ഠൻ നായരായിരുന്നു ജൂറി ചെയർമാൻ. അപ്പുക്കുട്ടനും ഗോപിയും കേവലം ബാലസാഹിത്യമായല്ല, കുറച്ചുകൂടി ഉയർന്ന തലത്തിൽ പരിഗണിക്കേണ്ട കൃതിയാണെന്ന് വേദിയിൽവച്ച് ശ്രീകണ്ഠൻനായർ പറഞ്ഞു. പിന്നെ ബാലസാഹിത്യകാരൻ എന്ന ട്രേഡ്മാർക്ക് പതിഞ്ഞു.
ബാലപ്രസിദ്ധീകരണത്തിൽ കാര്യമായ മാറ്റംവരുത്തിയത് പൂമ്പാറ്റ പി എ വാര്യരിൽനിന്ന് പൈ ആൻഡ് കോ വാങ്ങിയ ശേഷമാണ്. ഈ ഘട്ടത്തിലാണ് തുടർച്ചയായി എഴുത്താരംഭിക്കുന്നത്. അതിൽ അത്ഭുതവാനരന്മാർ ഹിറ്റായി. കുട്ടികൾ മാത്രമല്ല മുതിർന്നവരും അതിന്റെ വായനക്കാരായി. പിന്നീട് പൈ അത് പുസ്തകമാക്കി ഇറക്കി. അത്ഭുതവാനരന്മാരുടെ തുടർച്ചയായിരുന്നു അത്ഭുത നീരാളി.
കഥയും അനുഭവങ്ങളും കൂട്ടിക്കലർത്തി എഴുതി. പ്രകൃതി, യുദ്ധം, ബോംബ്, ദുരന്തം എല്ലാം അതിൽ കടന്നുവന്നു. ശങ്കറിന്റെ ചിൽഡ്രൻസ് വേൾഡിൽ ഇംഗ്ലീഷ് കഥകളെഴുതി.