ഇരിങ്ങാലക്കുട
അധ്യാപകൻ, നോവലിസ്റ്റ്, കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ കെ വി രാമനാഥൻ (91) അന്തരിച്ചു.വാർധക്യ സഹജമായ അസുഖംമുലം തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കൾ രാത്രി 11.30നായിരുന്നു അന്ത്യം. ഇരിങ്ങാലക്കുട പാലസ് റോഡിൽ ‘പൗർണമി’യിലാണ് താമസിച്ചിരുന്നത്. സംസ്കാരം പിന്നീട്.
1932 ഓഗസ്റ്റ് 29ന് ഇരിങ്ങാലക്കുടയിലാണ് ജനനം. ഇരിങ്ങാലക്കുട ഗവ. ബോയ്സ് ഹൈസ്കൂൾ, എറണാകുളം മഹാരാജാസ് കോളേജ്, തൃശൂർ ഗവ. ട്രെയിനിങ് കോളേജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം. ഇരിങ്ങാലക്കുട നാഷണൽ ഹൈസ്കൂളിൽ ഹെഡ്മാസ്റ്ററായിരിക്കെ വിരമിച്ചു. കേരള ബാലസാഹിത്യ അക്കാദമി പ്രസിഡന്റ്, കേരള ചിൽഡ്രൻസ് ബുക്ക്ട്രസ്റ്റിന്റെ ഓണററി മെമ്പർ, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണസമിതി അംഗം, ഡൽഹിയിലെ എഡബ്ല്യുഐസി അംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പഠനകാലം തൊട്ട് ഇടതുപക്ഷ അനുഭാവിയായിരുന്നു.
മികച്ചബാലസാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യഅക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി അവാർഡ്. എസ് പിസിഎസ് പുരസ്കാരം, സമസ്ത കേരള സാഹിത്യ പരിഷത്ത് ചെറുകഥാ മത്സരം ഒന്നാം സമ്മാനം, കൈരളി ചിൽഡ്രൻസ് ബുക്ക്ട്രസ്റ്റ് അവാർഡ്, ഭീമ സ്മാരക അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
പ്രവാഹങ്ങൾ, ചുവന്ന സന്ധ്യ (നോവൽ), രാഗവും താളവും, കർമകാണ്ഡം (കഥകൾ), മുന്തിരിക്കുല, സ്വർണത്തിന്റെ ചിരി, കുട്ടികളുടെ ശാകുന്തളം, അജ്ഞാതലോകം, അത്ഭുതവാനരന്മാർ, സ്വർണമുത്ത്, രാജുവും റോണിയും, അത്ഭുതനീരാളി, അദൃശ്യമനുഷ്യൻ, കളിമുറ്റം, ചെകുത്താൻമാർ സൂക്ഷിക്കുക, കുഞ്ഞുറുമ്പും കുളക്കോഴിയും, ടാഗോർ കഥകൾ (ബാലസാഹിത്യം) തുടങ്ങിയവയാണ് പ്രധാന കൃതികൾ. ഗായകൻ ജയചന്ദ്രൻ, അന്തരിച്ച ഇന്നസെന്റ്, എന്നിവരുടെ ഗുരുനാഥനാണ്.
ഭാര്യ: രാധ. മക്കൾ: രേണു രാമനാഥ് , (മാധ്യമ പ്രവർത്തക, കേരള സംഗീത നാടക അക്കാദമി ഡയറക്ടർ), ഇന്ദുകല. മരുമക്കൾ: പരേതനായ ചിത്രകാരൻ രാജൻ കൃഷ്ണൻ, അഡ്വ. കെ ജി അജയകുമാർ.
“അപ്പുക്കുട്ടനും ഗോപിയും’ തുടക്കം, അത്ഭുതവാനരന്മാർ ഹിറ്റ്
ബാലസാഹിത്യരംഗത്ത് അസാമാന്യ പ്രതിഭയായിരുന്നു കെ വി രാമനാഥൻ. 1961ലാണ് ആദ്യപുസ്തകം പുറത്തിറങ്ങുന്നത്. ‘അപ്പുക്കുട്ടനും ഗോപിയും’. ഏറ്റവും ഹിറ്റായത് അത്ഭുതവാനരന്മാരാണ്. സാഹിത്യ പ്രവർത്തക സഹകരണസംഘം കുട്ടികൾക്കായി 12 പുസ്തകങ്ങൾ അടങ്ങിയ സമ്മാനപ്പെട്ടി പദ്ധതി പ്രഖ്യാപിച്ചു. മത്സരവും സംഘടിപ്പിച്ചു. അതിലേക്ക് ‘അപ്പുക്കുട്ടനും ഗോപിയും’ അയച്ചുകൊടുത്തു. കുട്ടിക്കാലത്ത് ഉറുമ്പുകളുടെ ജീവിതം നോക്കിപ്പഠിക്കുന്ന ശീലമുണ്ടായിരുന്നു. അപ്പുക്കുട്ടനും ഗോപിയും ഉറുമ്പുകളായി മാറുന്ന കഥയാണിത്. മത്സരത്തിൽ ഈ കഥയ്ക്ക് സമ്മാനം കിട്ടി. കാരൂർ, ലളിതാംബിക അന്തർജനം തുടങ്ങിയ പ്രമുഖരുടെ പുസ്തകങ്ങളും ഈ സമ്മാനപ്പെട്ടിയിലുണ്ടായിരുന്നു. സി എൻ ശ്രീകണ്ഠൻ നായരായിരുന്നു ജൂറി ചെയർമാൻ. അപ്പുക്കുട്ടനും ഗോപിയും കേവലം ബാലസാഹിത്യമായല്ല, കുറച്ചുകൂടി ഉയർന്ന തലത്തിൽ പരിഗണിക്കേണ്ട കൃതിയാണെന്ന് വേദിയിൽവച്ച് ശ്രീകണ്ഠൻനായർ പറഞ്ഞു. പിന്നെ ബാലസാഹിത്യകാരൻ എന്ന ട്രേഡ്മാർക്ക് പതിഞ്ഞു.
ബാലപ്രസിദ്ധീകരണത്തിൽ കാര്യമായ മാറ്റംവരുത്തിയത് പൂമ്പാറ്റ പി എ വാര്യരിൽനിന്ന് പൈ ആൻഡ് കോ വാങ്ങിയ ശേഷമാണ്. ഈ ഘട്ടത്തിലാണ് തുടർച്ചയായി എഴുത്താരംഭിക്കുന്നത്. അതിൽ അത്ഭുതവാനരന്മാർ ഹിറ്റായി. കുട്ടികൾ മാത്രമല്ല മുതിർന്നവരും അതിന്റെ വായനക്കാരായി. പിന്നീട് പൈ അത് പുസ്തകമാക്കി ഇറക്കി. അത്ഭുതവാനരന്മാരുടെ തുടർച്ചയായിരുന്നു അത്ഭുത നീരാളി.
കഥയും അനുഭവങ്ങളും കൂട്ടിക്കലർത്തി എഴുതി. പ്രകൃതി, യുദ്ധം, ബോംബ്, ദുരന്തം എല്ലാം അതിൽ കടന്നുവന്നു. ശങ്കറിന്റെ ചിൽഡ്രൻസ് വേൾഡിൽ ഇംഗ്ലീഷ് കഥകളെഴുതി.