ചെന്നൈ
ബില്ലുകള്ക്കുമേല് അടയിരിക്കുന്ന ഗവര്ണറുടെ നടപടിയ്ക്കെതിരെ തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കിയതിന് തൊട്ടുപിന്നാലെ ഒരു ബില് ഒപ്പിട്ട്നല്കി ഗവർണർ ആർ എൻ രവി. അകാരണമായി മാസങ്ങള് പിടിച്ചുവച്ച ഓൺലൈൻ ചൂതാട്ട നിരോധന ബില്ലിനാണ് ഒടുവില് അംഗീകാരമായത്. ഗവര്ണറെ സര്വകലാശാലകളുടെ ചാന്സലര് സ്ഥാനത്തുനിന്ന് നീക്കാന് ഉദ്ദേശിക്കുന്നതടക്കം 20 ബില് കൂടി നിലവില് ഗവര്ണറുടെ പരിഗണനയിലുണ്ട്.
ഇതു രണ്ടാംതവണയാണ് നിയമസഭ ഗവർണർ ആർ എൻ രവിയ്ക്കെതിരെ പ്രമേയം പാസാക്കുന്നത്. ബില് ഒപ്പിടുന്നതിൽ ഗവര്ണര്ക്ക് രാഷ്ട്രപതി സമയപരിധി നിശ്ചയിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയമാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന് അവതരിപ്പിച്ചത്.ഗവര്ണര് ജനങ്ങളുടെ സുഹൃത്താകാന് തയാറാകുന്നില്ലെന്ന് സ്റ്റാലിന് പറഞ്ഞു. പ്രമേയം വോട്ടിനിട്ടപ്പോള് പ്രതിപക്ഷമായ എഐഎഡിഎംകെയും ബിജെപിയും സഭയില് നിന്ന് ഇറങ്ങിപ്പോയി.
ഓൺലൈൻ ചൂതാട്ടത്തിലും ഓണ്ലൈന് കളികളിലും തട്ടിപ്പിനിരയായി 41 പേരാണ് തമിഴ്നാട്ടില് ജീവനൊടുക്കിയത്. നിരവധിപ്പേർക്ക് വന്സാമ്പത്തികനഷ്ടമുണ്ടായി. ഇതോടെയാണ് അവ നിയന്ത്രിക്കാന് ജസ്റ്റിസ് കെ ചന്ദ്രുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയുടെ നിര്ദേശപ്രകാരം ബിൽ തയ്യാറാക്കിയത്. 131 ദിവസം പിടിച്ചുവച്ച ബിൽ ഗവർണർ ഒരു തവണ മടക്കി അയച്ചു. എന്നാല് നിയമസഭ വീണ്ടും ബിൽ പാസാക്കി അയച്ചു. ഈ ബില് പരിശോധനയ്ക്ക് എന്ന പേരില് ഒരുമാസത്തോളം പിടിച്ചുവച്ചു. ഗവര്ണര് നിരാകരിച്ചാല് ബില് മരിച്ചു എന്നാണ് അര്ഥമെന്ന് ആര് എൻ രവി കഴിഞ്ഞദിവസം പരസ്യപ്രതികരണം നടത്തി. ഇതിനെതിരെ മുഖ്യമന്ത്രി സ്റ്റാലിന് അടക്കം രംഗത്തുവന്നു.