കോഴിക്കോട്
ഐഎസ്എൽ ജേതാക്കളായ എടികെ മോഹൻബഗാൻ കത്തിജ്വലിച്ചപ്പോൾ ഗോകുലം കേരള എഫ്സി ഉരുകിപ്പോയി. സ്വന്തം മൈതാനത്ത് സൂപ്പർകപ്പ് കളിക്കാനിറങ്ങിയ ഗോകുലത്തിന് ദയനീയ തോൽവി. ഒന്നിനെതിരെ അഞ്ച് ഗോൾ ജയത്തോടെ എടികെ മുന്നേറി.
മോഹൻ ബഗാനുവേണ്ടി ലിസ്റ്റൺ കൊളാസോ രണ്ടും ഹ്യൂഗോ ബൗമോസ്, മൻവീർ സിങ്, കിയാൻ നസ്രി എന്നിവർ ഓരോ ഗോളും നേടി. ഗോകുലത്തിനായി സെർജിയോ മെൻഡി ഇഗ്ലേഷ്യസ് ആശ്വാസ ഗോൾ കണ്ടെത്തി.
കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്റ്റേഡിയത്തിൽ ആറ് മലയാളി താരങ്ങളുമായാണ് ഗോകുലം ഇറങ്ങിയത്. ആദ്യപകുതിയിൽ എടികെ ബഗാൻ വ്യക്തമായ ആധിപത്യം പുലർത്തി. ആറാംമിനിറ്റിൽ മുന്നിലെത്തി. ഗോകുലം പ്രതിരോധക്കാരൻ അബ്ദുൾ ഹക്കുവിന്റെ പിഴവിൽനിന്ന് വീണുകിട്ടിയ പന്തുമായി ഫ്രഞ്ച് താരം ബൗമോസ് നടത്തിയ മുന്നേറ്റം ഗോകുലം ഗോളി ഷിബിൻരാജ് തട്ടിയകറ്റി. ഉരുണ്ടുപോയ പന്ത് വീണ്ടും ഓടിയെടുത്ത ഹ്യൂഗോ ബോക്സിനകത്തുനിന്ന ലിസ്റ്റണ് കൈമാറി. പന്ത് നിയന്ത്രണത്തിലാക്കി ലിസ്റ്റൺ തൊടുത്ത സുന്ദരമായ ഷോട്ട് ഗോകുലം പോസ്റ്റിന്റെ വലതുമൂലയിൽ മുത്തമിട്ടിറങ്ങി. 12 മിനിറ്റിൽ ആദ്യമായി ഗോകുലം മുന്നേറ്റം കണ്ടു. സ്പെയിൻ താരം സെർജിയോ മെൻഡിയുടെ ഹെഡർ പുറത്തേക്കുപോയി. 27–-ാംമിനിറ്റിൽ ബഗാന്റെ രണ്ടാംഗോൾ പിറന്നു. മധ്യവരയുടെ വലതുഭാഗത്തുനിന്ന് ആശിഷ് റായ് നീട്ടിനൽകിയ പന്ത് ലിസ്റ്റണിന്റെ കാലിലേക്ക്. പന്ത് സ്വീകരിച്ച ലിസ്റ്റൺ ബോക്സിനുപുറത്തുനിന്ന് തൊടുത്ത ബുള്ളറ്റ് ഷോട്ട് സ്ഥാനം തെറ്റിനിന്ന ഗോളിയെ കാഴ്ചക്കാരനാക്കി വലയിൽ പതിച്ചു.
ആദ്യപകുതിയുടെ അവസാനം മൂന്നാംഗോളും പിറന്നു. നസ്രി നൽകിയ പന്തുമായി ഗോകുലം പ്രതിരോധക്കാരെ അനായാസം മറികടന്ന് ബൗമോസ് നടത്തിയ മുന്നേറ്റം. ഹ്യൂഗോ പന്ത് ഗോകുലം വലയിലേക്ക് തട്ടിയിട്ടപ്പോൾ ഗോളി ഷിബിൻരാജ് നിസ്സഹായനായി. രണ്ടാംപകുതിയുടെ തുടക്കത്തിൽ ഗോകുലം തിരിച്ചടിക്കാൻ ചില ശ്രമങ്ങൾ നടത്തി. ഇതേസമയം അടങ്ങിയിരിക്കാൻ ബഗാൻ ഒരുക്കമായിരുന്നില്ല. 63––ാംമിനിറ്റിൽ അവർ ലീഡുയർത്തി. ബൗമോസ് ബോക്സിനകത്തുനിന്ന് നൽകിയ പന്ത് സ്വീകരിച്ച മൻവീർ സിങ് ഗോകുലം വലയിലേക്ക് ഷോട്ട് തൊടുത്തു. പ്രതിരോധക്കാർ കാഴ്ചക്കാരായി. 71––ാംമിനിറ്റിൽ ഗോകുലം അവരുടെ ഏക ഗോൾ കണ്ടെത്തി. ഒമർ റാമോസ് എടുത്ത ഫ്രീകിക്ക് എടികെ ബോക്സിൽ താഴ്ന്നിറങ്ങിയപ്പോൾ പന്ത് അമീനൗ ബൗബ ഹെഡ് ചെയ്തു. ബോക്സിനകത്ത് വീണ്ടും പൊങ്ങിയ പന്ത് പ്രതിരോധക്കാർക്കിടയിലൂടെ ഉയർന്നു ചാടിയ സെർജി മെൻഡി തലകൊണ്ട് കുത്തി വലയിലേക്കിട്ടു. പരിക്കുസമയത്തിന്റെ മൂന്നാംമിനിറ്റിൽ നസ്രി പട്ടിക പൂർത്തിയാക്കി. ആദ്യജയത്തോടെ ഗ്രൂപ്പ് സിയിൽ എടികെ ബഗാന് മൂന്ന് പോയിന്റായി. 14ന് ഗോകുലം കേരള, എഫ്സി ഗോവയെ നേരിടും.