സാഹസിക കടൽയാത്രയായ ഗോൾഡൻ ഗ്ലോബ് പായ്വഞ്ചിയോട്ടത്തിൽ മലയാളിയായ അഭിലാഷ് ടോമി മുന്നോട്ട്. ഇന്ത്യൻ നേവി റിട്ട. കമാൻഡറായ അഭിലാഷ് നിലവിൽ രണ്ടാംസ്ഥാനത്താണ്. സെപ്തംബർ നാലിന് ഫ്രാൻസിലെ കടൽത്തീരനഗരമായ ലേ സാബ്ലേ ദെലോണിൽനിന്ന് തുടങ്ങിയ യാത്ര ലോകംചുറ്റി ഈ മാസം അവിടെത്തന്നെ അവസാനിക്കും. അഞ്ച് മഹാസമുദ്രങ്ങളിലൂടെ 30,0000 മൈൽ (ഏകദേശം 48,000 കിലോമീറ്റർ) നീണ്ട കടൽയാത്രയാണിത്. ഏകദേശം 90 ശതമാനം ദൂരം മത്സരാർഥികൾ താണ്ടിക്കഴിഞ്ഞു.
ഒരു വനിതയടക്കം 16 പേരാണ് മത്സരത്തിന്റെ തുടക്കത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ മൂന്നുപേരാണ് അവശേഷിക്കുന്നത്. ഒന്നാംസ്ഥാനത്ത് മത്സരത്തിലെ ഏക വനിതയായ ദക്ഷിണാഫ്രിക്കക്കാരി കിർസ്റ്റൺ ന്യൂസ് കഫറാണ്. അഭിലാഷിനുപിന്നിൽ ഓസ്ട്രിയയുടെ മൈക്കൽ ഗുഗൻ ബെർജറുണ്ട്.
ലോകത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കായിക മത്സരമായാണ് ഗോൾഡൻ ഗ്ലോബ് വിലയിരുത്തപ്പെടുന്നത്. പായ്വഞ്ചിയിൽ എവിടെയും നിർത്താതെ, കാറ്റിന്റെ ഗതിക്കനുസരിച്ച് ആരുടെയും സഹായം തേടാതെയാണ് യാത്ര. ആധുനിക യന്ത്രസംവിധാനങ്ങൾ ഒന്നും ഉപയോഗിക്കാൻ പാടില്ല. ദിശ അറിയാൻ വടക്കുനോക്കി യന്ത്രവും ഭൂപടവുംമാത്രം. 1968ൽ മത്സരം ആരംഭിച്ചകാലത്ത് നാവികർ ഉപയോഗിച്ചിരുന്ന അതേരീതി പിന്തുടരണമെന്നാണ് നിയമം. അക്കുറി ഒരാൾക്കുമാത്രമാണ് ഫിനിഷ് ചെയ്യാനായത്.
2018ൽ നടന്ന ഗോൾഡൻ ഗ്ലോബ് മത്സരത്തിനിടെ അഭിലാഷ് അപകടത്തിൽപ്പെട്ടിരുന്നു. അതിനുശേഷമുള്ള തിരിച്ചുവരവാണ് ഇത്തവണത്തെ യാത്ര. 2018ൽ 16 പേർ അണിനിരന്നെങ്കിലും അഞ്ചുപേർക്കാണ് യാത്ര പൂർത്തിയാക്കാനായത്. ഇത്തവണ നല്ല തയ്യാറെടുപ്പോടെയായിരുന്നു യാത്ര. വൻ തിരമാലകളെയും കൊടുങ്കാറ്റിനെയും അപകടകാരികളായ കടൽജീവികളെയും അതിജീവിച്ചാണ് മുന്നോട്ടുള്ള പ്രയാണം. സമുദ്രസഞ്ചാരികളുടെ എവറസ്റ്റ് എന്നറിയപ്പെടുന്ന ചിലിയിലെ കേപ് ഹോൺ മുനമ്പ് താണ്ടി ബ്രസീലിന്റെ അരികത്തുകൂടിയാണ് ഇപ്പോൾ യാത്ര.
അബുദാബിയിലെ ബയാനത്ത് ഗ്രൂപ്പാണ് അഭിലാഷിന്റെ മുഖ്യ പ്രായോജകർ. അതിനാൽ ബയാനത്ത് എന്ന പായ്വഞ്ചിയിലാണ് യാത്ര. ഇന്ത്യയിൽനിന്നുള്ള ഏക സഹപ്രായോജകർ കോഴിക്കാട് ജെല്ലിഫിഷ് വാട്ടർ സ്പോർട്സാണ്. അഭിലാഷ് വിജയിക്കാനുള്ള സാധ്യത ഏറെയാണെന്ന് ജെല്ലിഫിഷ് ഉടമ കൗഷിക് കൊടിത്തൊടി പറഞ്ഞു. സംഘാടകരിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഒന്നാമതെത്താം. നിലവിൽ അഭിലാഷിന്റെ സ്ഥാനം, കാലാവസ്ഥ, കാറ്റിന്റെ ഗതി എന്നിവ വിലയിരുത്തിയാണ് ഈ അനുമാനം. ഗോൾഡൻ ഗ്ലോബിലെ സാനിധ്യംപോലും മഹത്തായ നേട്ടമാണെന്ന് കൗഷിക് പറഞ്ഞു. എറണാകുളം കണ്ടനാട് സ്വദേശിയായ അഭിലാഷ് ടോമി 2000ൽ നാവികസേനയിൽ ഓഫീസറായി ചേർന്നു. 2021ൽ കമാൻഡറായി വിരമിച്ചു. നാൽപത്തിനാലുകാരൻ ഗോവയിലാണ് താമസം.