ന്യൂഡൽഹി
സുനീത് ചോപ്രയെ അനുസ്മരിച്ച് സഹപ്രവർത്തകരും സുഹൃത്തുക്കളും ഒത്തുചേർന്നപ്പോൾ ഇതൾവിരിഞ്ഞത് അപൂർവ വിപ്ലവകാരിയുടെ ജീവിതചിത്രം. ജനുവരിയിൽ കേരളത്തിലുണ്ടായിരുന്ന സുനീത് ഇ എം എസിന്റെ ജന്മനാടായ ഏലംകുളത്ത്, സിപിഐ എം ഗൃഹസന്ദർശന പരിപാടിയുടെ ഭാഗമായി 21 വീട് കയറിയത് അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി എ വിജയരാഘവൻ അനുസ്മരിച്ചു.
വിപ്ലവകാരി എന്ന നിലയിൽ ജീവിതം ആഘോഷിച്ച സുനീത് മറ്റുള്ളവരുടെ കഴിവുകൾ കണ്ടെത്തുന്നതിൽ അസാമാന്യ കഴിവ് പുലർത്തിയെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കലാ–-സാംസ്കാരിക മേഖലയിലെ ഉന്നതർക്കൊപ്പവും ഗ്രാമീണ കർഷകത്തൊഴിലാളികൾക്കൊപ്പവും ഒരേപോലെ ജീവിച്ച സുനീതിനെയാണ് പിബി അംഗം പ്രകാശ് കാരാട്ട് അനുസ്മരിച്ചത്.
ലണ്ടനിലെ വിദ്യാർഥി ജീവിതകാലം സഹപാഠിയായിരുന്ന പിബി അംഗം ബൃന്ദ കാരാട്ട് സ്മരിച്ചു. സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ, കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കട്, ജോയിന്റ് സെക്രട്ടറി വിക്രം സിങ്, പ്രൊഫ. പ്രഭാത് പട്നായിക്, ഹന്നൻ മൊള്ള, വിജൂ കൃഷ്ണൻ, മറിയം ധാവ്ളെ, വി പി സാനു, ക്യൂബ ഉത്തര കൊറിയ പ്രതിനിധികൾ തുടങ്ങിയവരും സംസാരിച്ചു.സിപിഐ എം മുൻ കേന്ദ്ര കമ്മിറ്റി അംഗവും ദീർഘകാലം കർഷക തൊഴിലാളി യൂണിയൻ ജോയിന്റ് സെക്രട്ടറിയുമായിരുന്ന സുനീത് ചോപ്ര ഏപ്രിൽ നാലിനാണ് അന്തരിച്ചത്.