കൊച്ചി> കൊച്ചി കോര്പ്പറേഷന് മേയര്‍ എം അനില്‍കുമാറിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.ക്വാറം തികയാത്തതിനാൽ ആണ് പരാജയപ്പെട്ടത്. 74 അംഗ കൗൺസിലിൽ 28 യുഡിഎഫ് കൗൺസിലർമാർ മാത്രമാണ് പങ്കെടുത്തത്.
കോര്‍പ്പറേഷനിലെ എൽഡിഎഫ് അംഗങ്ങൾ പങ്കെടുക്കാത്തതിനാൽ ക്വോറം തികയ്ക്കാനായില്ല. ബിജെപി അംഗങ്ങളും വിട്ടുനിന്നു. ഇതോടെ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാന്‍ കഴിയില്ലെന്ന് കളക്ടര്‍ അറിയിക്കുകയായിരുന്നു. അവിശ്വാസം പരിഗണിക്കാന്‍ 37 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. നാല് യുഡിഎഫ് അംഗങ്ങളും എത്തിയില്ല.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് മേയര്‍ അനില്‍കുമാറിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ യുഡിഎഫ് തീരുമാനിച്ചത്. പ്രമേയം പരാജയപ്പെടുത്തിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായി മേയർ എം അനിൽകുമാർ അറിയിച്ചു.