കൊച്ചി > കൊച്ചി മേയർക്കെതിരെ അവിശ്വാസം കൊണ്ടുവരാനുളള യുഡിഎഫ് തീരുമാനം അപക്വവും നഗരവാസികളോടുള്ള വെല്ലുവിളിയുമാണെന്ന് എൽഡിഎഫ്. മാലിന്യ പ്രശ്നം പരിഹരിക്കുവാൻ നഗരം ഒറ്റക്കെട്ടായി പ്രവർത്തിക്കുമ്പോഴാണ് രാഷ്ട്രീയനേട്ടം മാത്രം ലക്ഷ്യമിട്ട് അവിശ്വാസപ്രമേയം കൊണ്ടുവരാൻ ശ്രമിച്ചത്. കൂടെയുണ്ടായിരുന്ന 4 പേരുടെ വിശ്വാസം 2 വർഷം കൊണ്ട് നഷ്ടപ്പെടുത്തിയതിലൂടെ യുഡിഎഫ് നേതൃത്വത്തിനെതിരായ അവിശ്വാസമായി അതുമാറിയെന്നും എൽഡിഎഫ് പാർലമെന്ററി പാർടി സെക്രട്ടറി നെഡിക്ട് ഫെർണാണ്ടസ് പ്രസ്താവനയിൽ പറഞ്ഞു.
2020-ല് മേയര് തെരഞ്ഞെടുപ്പ് നടന്ന അവസരത്തില് യുഡിഎഫി-ന് ലഭിച്ചത് 32 വോട്ടുകളായിരുന്നുവെങ്കില് അവിശ്വാസ പ്രമേയം ചര്ച്ചക്കെടുത്ത ഇന്ന് 28 പേരെ മാത്രമാണ് യോഗത്തിലെത്തിക്കുവാന് യുഡിഎഫിന് കഴിഞ്ഞത്. മുഴുവൻ കൗൺസിലർമാരെയും വിശ്വാസത്തിലെടുത്ത് ശാസ്ത്രീയ മാലിന്യ സംസ്കരണം നടപ്പാക്കാനാണ് മേയറുടെ നേതൃത്ത്വതിൽ ശ്രമിക്കുന്നത്. അതിനെ ആക്രമണസമരങ്ങളിലൂടെ തകർക്കാനാണ് യുഡിഎഫിന്റെ ശ്രമം. ഒപ്പം നിന്നിരുന്ന നാലു കൗൺസിലർമാരെ അവിശ്വാസത്തിന്റെ സാംഗത്യം ബോധ്യപ്പെടുത്താൻ അവർക്കായില്ല. അവിശ്വസാപ്രമേയ നോട്ടീസ് നൽകിയവർക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ 2022 മെയ് മാസത്തിലെ സർക്കുലറിനെ കുറിച്ച് പോലും അറിയില്ലെന്ന് ഇതൊടെ വ്യക്തമായി.
ബ്രഹ്മപുരത്തെ തീപ്പിടുത്തം കോൺഗ്രസ്സിലെ ഗ്രൂപ്പുവഴക്ക് തീർക്കാനുളള ആയുധമായാണ് ഉപയോഗിക്കുന്നത്. ഐ ഗ്രൂപ്പിലെ മുതിർന്ന നേതാവിനെതിരെ ടോണി ചമ്മണിയും കൂട്ടരും ബ്രഹ്മപുരം വിഷയത്തിൽ ഒളിയമ്പെയ്തത് അതിന്റെ ഭാഗമാണ്. വികസനപ്രശ്നങ്ങളിൽ രാഷ്ട്രീയം മാറ്റിവച്ച് ശരിയായ നിലപാടെടുക്കാൻ യുഡിഎഫ് തയ്യാറാകണമെന്നും പ്രസ്താവനയിൽ പറഞ്ഞു.