കാലടി > എംസി റോഡ് നാലു വരി പാതയായി ഉയർത്താൻ കിഫ്ബി വഴി 1000 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.കാലടിയിൽ സമാന്തരപാലത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഈ പാലത്തിന്റെ നിർമാണം 2024 ഒക്ടോബറിൽ പൂർത്തിയാക്കും. നാവായിക്കുളം –- അങ്കമാലി ഗ്രീൻഫീൽഡ് പാതയും സർക്കാർ യാഥാർഥ്യമാക്കും.
സംസ്ഥാനത്തെ പാലങ്ങളുടെ അടിയിൽ വെറുതെ കിടക്കുന്ന സ്ഥലങ്ങളിൽ വയോജന പാർക്ക്, കുട്ടികളുടെ പാർക്ക് ,മ്യൂസിയം മുതാലയവ നിർമിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു. പാലങ്ങൾ ദീപാലംകൃതമാക്കാനും ആലോചനയുണ്ട്. പൊതുമേഖല സ്ഥാപനങ്ങൾ, വ്യക്തികൾ, ഗ്രൂപ്പുകളുടെ സഹായത്തോടെയാകുമിത്. അങ്കമാലി, പെരുമ്പാവൂർ എംഎൽഎമാർ അനുയോജ്യരായവരെ കണ്ടെത്തി പേര് നിർദേശിക്കണം. 2026 ൽ സർക്കാർ കലാവധി പൂർത്തിയാകുമ്പോൾ 105 പാല നിർമാണം പൂർത്തികരിക്കാമെന്നാണ് ആലോചിച്ചിരുന്നത്. എന്നാൽ രണ്ട് വർഷത്തിനകം 52 പാലങ്ങളുടെ നിർമാണം പൂർത്തിയാക്കാനായി. അങ്കമാലി, പെരുമ്പാവൂർ മണ്ഡലങ്ങളുടെ വികസനത്തിന് സാധ്യമായതെല്ലം സർക്കാർ നൽകുമെന്നും മന്ത്രി പറഞ്ഞു.
റോജി എം ജോൺ എം എൽ എ അധ്യക്ഷനായി. ബെന്നി ബെഹന്നാൻ എംപി, എൽദോസ് കുന്നപ്പിള്ളി, ജില്ലാ പഞ്ചായത്തംഗം ശാരദ മോഹൻ, കാലടി പഞ്ചായത്ത് പ്രസിഡൻ്റ് എം പി ആന്റണി, യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ്, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ സി കെ സലിംകുമാർ, കെ തുളസി, ചീഫ് എൻജിനിയർ എം അശോക് കുമാർ, സൂപ്രണ്ട് എൻജിനിയർ, പി കെ മിനി എന്നിവർ സംസാരിച്ചു.