മലപ്പുറം
എ കെ ആന്റണിയുടെ മകൻ ബിജെപി കൂടാരത്തിൽ എത്തിയത് കോൺഗ്രസിനെക്കാളേറെ ഞെട്ടിച്ചത് മുസ്ലിംലീഗിനെ. വിഷയത്തിൽ പ്രതികരിക്കാൻപോലും കഴിയാത്ത അവസ്ഥയിലാണ് ലീഗ്. കോൺഗ്രസിന്റെ സൈബർ ഗ്രൂപ്പുകളിൽപോലും അനിൽ ആന്റണിക്കെതിരെ കുറിപ്പുകളും കമന്റുകളും നിറഞ്ഞപ്പോൾ മുസ്ലിംലീഗ് സൈബറിടങ്ങൾ നിശ്ശബ്ദമാണ്.
കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിൽ ഐ ഗ്രൂപ്പിനും കെ കരുണാകരനും ഒപ്പമായിരുന്നു ഒരുകാലത്ത് മുസ്ലിംലീഗ്. അധികാരത്തിലെ കരുത്തൻ കെ കരുണാകരനായിരുന്നു എന്നതായിരുന്നു അതിനു കാരണം. എന്നാൽ ഐഎസ്ആർഒ ചാരക്കേസിൽപെട്ട കെ കരുണാകരൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താകുമെന്ന ഘട്ടംവന്നപ്പോൾ എ ഗ്രൂപ്പിനൊപ്പംനിന്ന മുസ്ലിംലീഗ് എ കെ ആന്റണിയെ വാഴിക്കുന്നതിലും പിന്തുണ നൽകി. കരുണാകരനു പകരം ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി നിശ്ചയിച്ച എ കെ ആന്റണിക്ക് മത്സരിക്കാൻ സ്വന്തം മണ്ഡലമായ തിരൂരങ്ങാടി മുസ്ലിംലീഗ് വിട്ടുനൽകി. എംഎൽഎയായിരുന്ന യു എ ബീരാൻ മുസ്ലിംലീഗ് വിട്ട് ഐഎൻഎല്ലിൽ ചേർന്നതോടെ ഒഴിവുവന്ന തിരൂരങ്ങാടിയിലേക്ക് ആന്റണിയെ സ്വാഗതംചെയ്ത മുസ്ലിംലീഗ് തെരഞ്ഞെടുപ്പിന്റെ മുഴുവൻ ചുമതലയും വഹിച്ചു. മുഖ്യമന്ത്രിയായ ആന്റണിയുടെ ന്യൂനപക്ഷവിരുദ്ധ പ്രസ്താവന ലീഗിനെ വെട്ടിലാക്കിയെങ്കിലും കടുത്ത ഭാഷയിൽ അതിനെ വിമർശിച്ചില്ല.
അനിൽ ആന്റണി കോൺഗ്രസ് വിടുകയും ബിജെപിയിൽ എത്തുകയുംചെയ്തപ്പോൾ മുസ്ലിംലീഗിന് പ്രതികരണമില്ലാതായത് ആന്റണിയുമായുള്ള ബന്ധം കാരണമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അനിൽ ആന്റണി തിരൂരങ്ങാടിയിൽ കെ പി എ മജീദിന്റെ പ്രചാരണത്തിനും എത്തിയിരുന്നു. കോൺഗ്രസിനെയും സോണിയ കുടുംബത്തെയും കടുത്ത ഭാഷയിൽ വിമർശിച്ചാണ് അനിൽ ആന്റണി കോൺഗ്രസ് വിട്ടത്. മതേതര ചേരിയിൽനിന്നുള്ള കൊഴിഞ്ഞുപോക്കായിട്ടും ലീഗിന് മിണ്ടാട്ടമില്ല. ഇതേക്കുറിച്ച് പ്രതികരിക്കാനും ലീഗ് നേതൃത്വം തയ്യാറായിട്ടില്ല.