തൃശൂർ
കേരള കലാമണ്ഡലത്തിൽ ഓട്ടൻതുള്ളൽ ബാച്ചിലേക്ക് ആദ്യമായി ചുവടുവച്ചെത്തിയ പെൺകുട്ടി ഈ ക്ലാസ്മേറ്റ്സ് ചിത്രത്തിൽ ഇന്നും മായാത്ത മുദ്ര. സഹപാഠികളായ കലാമണ്ഡലം ദേവകിയും കലാമണ്ഡലം പ്രഭാകരനും സരോജിനിയും ഗുരുനാഥരും ഈ ചിത്രത്തിലുണ്ട്. 1956ലാണ് കലാമണ്ഡലത്തിൽ തുള്ളൽപഠനം ആരംഭിച്ചത്. 1960ലാണ് ദേവകി തുള്ളൽ പഠിക്കാനെത്തിയത്. കലാമണ്ഡലത്തിൽ മൂന്നാമത്തെ തുള്ളൽ ബാച്ചിലാണ് ആദ്യമായി പെൺകുട്ടിയെത്തുന്നത്. ആദ്യം ദേവകിയെത്തി. പിന്നീട് കലാമണ്ഡലം സരോജിനിയെത്തി. അതേ ബാച്ചിൽത്തന്നെയാണ് കലാമണ്ഡലം പ്രഭാകരൻ പഠിച്ചിറങ്ങിയത്.
കലാമണ്ഡലത്തിൽ നാലുവർഷം ഒന്നിച്ച് പഠിച്ചതായി കലാമണ്ഡലം പ്രഭാകരൻ അനുസ്മരിച്ചു. ആദ്യ രണ്ടുവർഷം വടക്കൻ കണ്ണൻനായരാണ് പഠിപ്പിച്ചത്. തുടർന്ന് കലാമണ്ഡലം ദിവാകരൻ നായരുടെ കളരിയിലേക്ക് മാറി. തായ്ലൻഡിൽനിന്ന് ചാത്തുറാം മോൺഡ്രിസ് അതേ കാലയളവിൽ തുള്ളൽ പഠിക്കാനെത്തി. മൃദംഗം പഠിക്കാൻ സി വി ശങ്കരനുമെത്തി. ഞങ്ങൾ നാലുപേരും ഗുരുനാഥൻ കലാമണ്ഡലം ദിവാകരൻ നായർ സൂപ്രണ്ട് കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാട് എന്നിവരോടൊപ്പമാണ് ക്ലാസ്മേറ്റ്സ് ചിത്രം എടുത്തത്. ആ ചിത്രമാണിതെന്ന് കലാമണ്ഡലം പ്രഭാകരൻ പറഞ്ഞു.
കിരാതം എന്ന കഥയാണ് ദേവകിയുടെ മാസ്റ്റർ പീസ്. തുള്ളൽ കലയിൽ മുദ്രകളിലും മുഖ ഭാവങ്ങളിലും കണ്ണിലും ശാസ്ത്രീയതയും കൃത്യതയും പാലിച്ച കലാകാരിയാണെന്നും അദ്ദേഹം പറഞ്ഞു.
കലാമണ്ഡലം തുള്ളൽ പഠനശേഷം രാമൻകുട്ടി നായരുടെ കീഴിൽ ദേവകി കഥകളിയും അഭ്യസിച്ചു. ഇടക്കാലത്ത് കലാപ്രവർത്തനം നിർത്തി കടുംബിനിയായി. പിന്നീട് വീണ്ടും സജീവമായി.