കോഴിക്കോട്
എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ അനാവശ്യ ഇടപെടൽ നടത്തിയും വിവാദങ്ങളുണ്ടാക്കിയും മാധ്യമങ്ങൾ. അങ്ങേയറ്റം രഹസ്യ സ്വഭാവമുള്ള കേസിന്റെ പ്രാധാന്യം പോലും മറന്നാണ് ദൃശ്യ മാധ്യമങ്ങളുടെ നിലവിട്ട കളി. സംഭവം നടന്ന് മൂന്നാം നാൾ പ്രതി അറസ്റ്റിലായിട്ടും സംസ്ഥാന സർക്കാരിനും പൊലീസിനുമെതിരെ കുറ്റപത്രം തയ്യാറാക്കുന്ന തിരക്കിലാണ് ഒരുപറ്റം മാധ്യമങ്ങൾ. തീവ്രവാദ സ്വഭാവമുള്ള ആക്രമണത്തിൽ പ്രതിയെ അതിവേഗം പിടികൂടിയതിന്റെ ക്രെഡിറ്റ് കേരളത്തിന് കിട്ടരുതെന്നാണ് മാധ്യമങ്ങളുടെ വാശി.
കേസിന്റെ തുടക്കം മുതൽ അന്വേഷണം തടസപ്പെടുത്തും വിധമാണ് ഇടപെടൽ. പ്രതിക്കായി പൊലീസ് വലവിരിച്ച് പ്രവർത്തിക്കുമ്പോൾ മാധ്യമ സംഘം ഷഹീൻബാഗിലെ ഷാറൂഖിന്റെ വീട്ടിലെത്തി തത്സമയ ചിത്രീകരണം ആരംഭിച്ചിരുന്നു. ഷാറൂഖിന്റെ പിതാവിന്റെ അഭിമുഖം ഉൾപ്പെടെ നൽകി. കേസിന്റെ രഹസ്യ സ്വഭാവം പൂർണമായും തകർക്കുന്ന സമീപനമാണ് മാധ്യമങ്ങളുടേത്. പ്രതിയെ കൊണ്ടു പോകുന്നതിനിടെ രണ്ടു തവണയാണ് ചാനൽ വാഹനങ്ങൾ പൊലീസ് ജീപ്പിലിടിച്ചത്. സുരക്ഷാ വീഴ്ചയെക്കുറിച്ച് നിലവിളിക്കുന്നവരാണ് ഈ അപകടം വരുത്തിയത്. പ്രതി മഹാരാഷ്ട്രയിൽ അറസ്റ്റിലായപ്പോഴും അന്വേഷകസംഘത്തെ താറടിക്കാനാണ് മാധ്യമങ്ങൾ ശ്രമിച്ചത്. പ്രതിയെ പിടികൂടുന്നതിൽ സംസ്ഥാന പൊലീസിന് ഒരു റോളുമില്ലെന്നായിരുന്നു കണ്ടെത്തൽ. പ്രതിയുടെ ഫോൺ സ്വിച്ച് ഓണായ വിവരം സംസ്ഥാന സൈബർ സെല്ലാണ് കൈമാറിയത്. ഇത് കേന്ദ്ര ഇന്റലിജൻസിന്റെ നേട്ടമായി ചിത്രീകരിക്കാനാണ് മാധ്യമങ്ങൾ ശ്രമിച്ചത്.
ദേശീയ പ്രാധാന്യമുള്ള അറസ്റ്റിൽ അങ്ങേയറ്റം രഹസ്യ സ്വഭാവത്തോടെയാണ് അന്വേഷകസംഘം പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവന്നത്. എന്നാൽ, അതിനെ തത്സമയ ചിത്രീകരണത്തിലൂടെ പൊളിക്കാനാണ് മാതൃഭൂമി ചാനൽ ശ്രമിച്ചത്. ടയർ പഞ്ചറായതും വണ്ടി കേടായതും പൊലിപ്പിച്ച് സുരക്ഷാവീഴ്ചയെന്ന് സ്ഥാപിക്കാനും ശ്രമമുണ്ടായി.