ജറുസലേം
വെസ്റ്റ് ബാങ്കിലെ ജൂതകുടിയേറ്റ മേഖലയിലേക്ക് വെള്ളിയാഴ്ചയുണ്ടായ വെടിവയ്പിൽ ഇസ്രയേലുകാരായ രണ്ട് വനിതകൾ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. പലസ്തീനിൽനിന്നുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ അവകാശപ്പെട്ടു.
ആഴ്ചകളായി വെസ്റ്റ് ബാങ്ക് മേഖലയിൽ ഏറ്റുമുട്ടൽ രൂക്ഷമാണ്. അൽ അഖ്സ പള്ളിയിലേക്ക് ഇസ്രയേൽ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിന് കനത്ത വിലനൽകേണ്ടി വരുമെന്ന് സായുധസംഘമായ ഹിസ്ബുള്ള മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെ ഇസ്രയേൽ വെള്ളി പുലർച്ചെ ലബനനിലേക്ക് വ്യോമാക്രമണം നടത്തി. ഇതോടെ മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമായിരുന്നു.
അൽ അഖ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേൽ അതിക്രമങ്ങൾക്കുള്ള മറുപടിയാണ് വെള്ളിയാഴ്ചത്തേതെന്ന് ഹമാസ് പ്രതികരിച്ചു. അൽ അഖ്സയിൽ ആക്രമണമുണ്ടായാൽ പലസ്തീൻകാർ നോക്കിയിരിക്കില്ലെന്നും സംഘടന മുന്നറിയിപ്പ് നൽകി.