തിരുവനന്തപുരം
പ്രതിപക്ഷ പാർടി നേതാക്കളെ കേന്ദ്ര ഏജൻസികളെ കാട്ടി ഭീഷണിപ്പെടുത്തി സ്വന്തം പാളയത്തിൽ എത്തിക്കുന്ന ബിജെപിയുടെ വലയിൽ ആന്റണിയുടെ കുടുംബവും വീണോ എന്ന ചോദ്യം ശക്തമാകുന്നു. കോൺഗ്രസിലടക്കം ഈ ചർച്ച സജീവമാകുകയാണ്. അതിനുള്ള തെളിവുകളും സാഹചര്യങ്ങളും പല ഘട്ടങ്ങളിലായി വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. ബിജെപിയിൽ ചേക്കേറാൻ രാഷ്ട്രീയമായി തടസ്സമില്ലാത്തതും കേന്ദ്ര ഭീഷണിയും അനിൽ ആന്റണിയുടെ കാലുമാറ്റത്തിന് ഇടയാക്കിയെന്നാണ് ആക്ഷേപം.
അഴിമതി നടന്നിട്ടുണ്ടെന്ന് 2013ൽ ആന്റണിതന്നെ സമ്മതിച്ച അഗസ്ത ഹെലികോപ്റ്റർ ഇടപാടിലെ ഡീൽ സംബന്ധിച്ച പല രേഖകളും ബിജെപി ആയുധമാക്കുന്നുണ്ട്. 3600 കോടിയുടെ ഇടപാടിൽ ചില കളികൾ നടന്നെന്ന് തെളിഞ്ഞിരുന്നു. ചീഫ് മാർഷലടക്കം 11 പേരെ സിബിഐ പ്രതിചേർത്തു. കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും റിപ്പോർട്ട് നൽകി. വ്യക്തമായ കാരണമുണ്ടായിട്ടും ആന്റണി അത് നീട്ടിക്കൊണ്ടുപോയി. 2014ൽ തോൽക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ഉത്തരവിൽ ഒപ്പിട്ടത്. ടെട്രാ ട്രക്ക് ഇടപാടിലെ അഴിമതി കേസുമായി ബന്ധപ്പെട്ട് ആന്റണിയെ സിബിഐ ചോദ്യം ചെയ്തിരുന്നു.
ആന്റണി പ്രതിരോധമന്ത്രിയായിരിക്കെ ഭാര്യ എലിസബത്തിന്റെ പെയിന്റിങ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ 28 കോടി രൂപ കൊടുത്ത് വാങ്ങിയെന്ന ആക്ഷേപത്തിലെ വസ്തുതയും പുറത്തുവന്നിട്ടില്ല. വില ഇതല്ലെന്നും എയർപോട്ട് അതോറിറ്റിക്ക് പെയിന്റിങ്ങുകൾ വിറ്റിട്ടുണ്ടെന്നും എലിസബത്ത് സ്ഥിരീകരിച്ചിരുന്നു. വിൽപ്പനയ്ക്ക് ഭരണസ്വാധീനം ഉപയോഗിച്ചെന്നായിരുന്നു ആരോപണം.
വ്യക്തിപരമായ നേട്ടത്തിന് ഏത് ആദർശത്തെയും ബലികൊടുക്കാൻ മടിക്കാത്തയാളാണ് ആന്റണിയെന്ന് കെ കരുണാകരന് എതിരായുള്ള നീക്കങ്ങളടക്കം ചൂണ്ടിക്കാട്ടി നേതാക്കൾ ഓർമിപ്പിക്കുന്നു. ചാർട്ട് ചെയ്ത വിമാനത്തിൽ പറന്നിറങ്ങിയാണ് ആന്റണി കരുണാകരനെ തൂത്തെറിഞ്ഞ് മുഖ്യമന്ത്രിയായത്. ആന്റണി പ്രതിരോധമന്ത്രിയായിരിക്കെ വകുപ്പിൽ അനിൽ ആന്റണിയുടെ ഇടപെടൽ സംബന്ധിച്ചും ആരോപണമുയർന്നിരുന്നു.
ബിജെപിയിലേക്ക് പോയാൽ ‘സൈലന്റ് മോഡ്’
കെപിസിസിയുടെ ഐടി സെൽ അധ്യക്ഷനായിരുന്ന അനിൽ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചിട്ടും കോൺഗ്രസ് അണികളും നേതാക്കളും ‘സൈലന്റ് മോഡിൽ’. നേരത്തെ ഇടതുപക്ഷവുമായി ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ച കോൺഗ്രസ് നേതാക്കളെ ചീത്തവിളിച്ച് സമൂഹമാധ്യമങ്ങളിലടക്കം നിറഞ്ഞ നേതാക്കളുൾപ്പെടെ മൗനത്തിലാണ്. കെ വി തോമസ്, പി സി ചാക്കോ, കെ പി അനിൽകുമാർ, പി എം സുരേഷ് ബാബു തുടങ്ങിയ നേതാക്കൾ കോൺഗ്രസ് വിട്ടപ്പോൾ രൂക്ഷ വിമർശമാണ് മുതിർന്ന നേതാക്കളടക്കം നടത്തിയത്. അതേസമയം, ബിജെപിയിലേക്ക് നേതാക്കൾ പോകുമ്പോൾ വിമർശത്തിന് മൂർച്ച കുറയുന്നുവെന്ന ആക്ഷേപത്തിന് ശക്തിപകരുന്നതാണ് അനിലിന്റെ കാര്യത്തിലുള്ള നേതൃത്വത്തിന്റെ പ്രതികരണങ്ങൾ.
മകൻ ബിജെപിയിലേക്ക് പോയതിനെ ശക്തമായ ഭാഷയിൽ വിമർശിക്കാൻ ആന്റണിയും തയ്യാറായിട്ടില്ല. ഇനിയൊരു പ്രതികരണത്തിനില്ലെന്ന് പറഞ്ഞ് കൂടുതൽ ചോദ്യങ്ങളിലേക്കുള്ള വഴിയടച്ചു. കെ വി തോമസടക്കമുള്ള നേതാക്കളെ കരിവാരിത്തേയ്ക്കാൻ മുന്നിൽനിന്ന മാധ്യമങ്ങളും അനിലിന്റെ കാര്യത്തിൽ പിൻവലിഞ്ഞു. ആന്റണിയുടെ ‘ദുഃഖത്തിൽ’ പങ്കുചേരാനാണ് പല മാധ്യമങ്ങളും മത്സരിച്ചത്.