തിരുവനന്തപുരം
സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ അന്വേഷണം നിർണായക വഴിത്തിരിവിൽ. ആശ്രമം കത്തിക്കാനുൾപ്പെടെ നേതൃത്വം നൽകിയ വ്യക്തിയെ കേന്ദ്രീകരിച്ചാണിപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. കേസിലെ പ്രതിയായിരുന്ന കുണ്ടമൺകടവ് സ്വദേശി പ്രകാശിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നേരത്തെ നാല് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു. ആശ്രമം കത്തിക്കൽ കേസിലടക്കം പങ്കാളികളായ ഇവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളും ശാസ്ത്രീയ അന്വേഷണവുമാണ് ക്രൈംബ്രാഞ്ചിനെ പ്രധാന പ്രതിയിലേക്ക് നയിച്ചത്.
ആശ്രമം കത്തിക്കലിന് നേതൃത്വം നൽകിയത് ആർഎസ്എസ് പ്രവർത്തകനായ ഈ പ്രതിയാണെന്നാണ് അന്വേഷകസംഘത്തിന്റെ നിഗമനം. ഇത് സാധൂകരിക്കുന്ന നിരവധി ശാസ്ത്രീയ തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ആക്രമണത്തിന് ഉപയോഗിച്ച ബൈക്ക് പൊളിച്ച് വിൽക്കാനടക്കം നേതൃത്വം നൽകിയതും ഇയാളാണെന്ന് വ്യക്തമായി.
ആർഎസ്എസുകാരായ കൃഷ്ണകുമാർ, സതികുമാർ, ശ്രീകുമാർ, രാജേഷ് എന്നിവരെ നേരത്തേ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇവർക്കൊപ്പം ഈ പ്രതിയും സജീവമായി ഉണ്ടായിരുന്നതായി വ്യക്തമായി. സംഭവദിവസം രാത്രി പ്രതി പലരുമായും ആശയവിനിമയം നടത്തിയെന്നും തിരിച്ചറിഞ്ഞു. തുടർന്നാണ് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിച്ചത്.
ആശ്രമം കത്തിക്കലിൽ പ്രകാശിന് പങ്കുണ്ടായിരുന്നുവെന്നും ഇക്കാര്യത്തെച്ചൊല്ലിയുള്ള തർക്കമാണ് ആത്മഹത്യക്ക് കാരണമായതെന്നും സഹോദരൻ പ്രശാന്ത് നൽകിയ മൊഴിയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഇയാൾ പിന്നീട് മൊഴി മാറ്റിയെങ്കിലും ആദ്യം നൽകിയ മൊഴിക്ക് പിന്നാലെ സഞ്ചരിച്ച പൊലീസ് നിർണായക തെളിവുകൾ ശേഖരിച്ചു.