കൊച്ചി
സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതികളിൽ കേന്ദ്രവിഹിതം കുടിശ്ശിക 483.29 കോടി രൂപ. 2021 ജനുവരി മുതൽ 2023 ജനുവരി 31 വരെയുള്ള കണക്കാണിത്. 2020 ഡിസംബർവരെമാത്രമാണ് കേന്ദ്രവിഹിതം ലഭിച്ചത്. കേന്ദ്രസർക്കാർ മനഃപൂർവം സൃഷ്ടിച്ച സാമ്പത്തികഞെരുക്കം മറികടന്നാണ് കേരളം പെൻഷൻ വിതരണം കൃത്യമായി നടത്തുന്നതെന്ന് വിവരാവകാശരേഖയിൽ വ്യക്തമാകുന്നു.
ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല പെൻഷൻ, വിധവ, ഭിന്നശേഷി പെൻഷൻ എന്നിവയ്ക്കുമാത്രമാണ് നാഷണൽ സോഷ്യൽ അസിസ്റ്റൻസ് പ്രോഗ്രാമിന്റെ (എൻഎസ്എപി) ഭാഗമായി കേന്ദ്രവിഹിതമുള്ളത്. കർഷകത്തൊഴിലാളികൾ, 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ വനിതകൾ എന്നിവർക്കുള്ള പെൻഷൻ പൂർണമായും സംസ്ഥാന സർക്കാരാണ് നൽകുന്നത്. എല്ലാ പെൻഷനും 1600 രൂപ നിരക്കിലാണ്.
വാർധക്യകാല പെൻഷന് 80 വയസ്സിൽ താഴെയുള്ളവർക്ക് 200 രൂപയും 80 മുതൽ മുകളിലേക്ക് 500 രൂപയുമാണ് കേന്ദ്രവിഹിതം. ഭിന്നശേഷി പെൻഷന് 80 ശതമാനത്തിനും അതിനുമുകളിലും വൈകല്യമുള്ളവർക്ക് (പ്രായം 18 മുതൽ 80 വയസ്സിനുതാഴെവരെ) 300 രൂപയും 80ന് മുകളിലുള്ളവർക്ക് 500 രൂപയുമാണ് നൽകുന്നത്. വിധവാ പെൻഷന് 40 മുതൽ 80 വയസ്സിനുതാഴെവരെയുള്ളവർക്ക് 300 രൂപയും 80 മുതൽ മുകളിലേക്ക് 500 രൂപയുമാണ് കേന്ദ്രവിഹിതമെന്ന് വിവരാവകാശപ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് ലഭിച്ച രേഖ വ്യക്തമാക്കുന്നു. നിലവിൽ 60 ലക്ഷത്തിലധികം പേരാണ് സാമൂഹ്യസുരക്ഷാ– ക്ഷേമനിധി പെൻഷൻ വാങ്ങുന്നത്.