തിരുവനന്തപുരം
കേന്ദ്രസർക്കാർ ന്യൂനപക്ഷ ക്ഷേമപദ്ധതികൾ വെട്ടിച്ചുരുക്കുമ്പോൾ അപേക്ഷിച്ച വിദ്യാർഥികൾക്കെല്ലാം ന്യൂനപക്ഷ സ്കോളർഷിപ് നൽകി സംസ്ഥാന സർക്കാർ. കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് 16 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. 21,000 പേർക്ക് സ്കോളർഷിപ് ലഭിച്ചു. 19 വിദ്യാഭ്യാസ സ്ഥാപനത്തിന് യുജിസി പരിശീലനത്തിനുള്ള തുകയും അനുവദിച്ചു. എ പി ജെ അബ്ദുൾ കലാം സ്കോളർഷിപ്, പിജി ഡിപ്ലോമ സ്കോളർഷിപ്, മദർ തെരേസ സ്കോളർഷിപ്, വിദേശ പഠന സ്കോളർഷിപ് എന്നിവയ്ക്കാണ് തുക അനുവദിച്ചത്. ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ കുട്ടികൾക്കുള്ള ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ് ഉൾപ്പെടെ കേന്ദ്രം നിർത്തലാക്കിയിരുന്നു. സംസ്ഥാന സർക്കാർ ന്യൂനപക്ഷ സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്നില്ലെന്ന് ചില സമുദായ സംഘടനകളും ആരോപിച്ചിരുന്നു. സ്കോളർഷിപ് വിതരണത്തിന്റെ കണക്ക് പുറത്തുവന്നതോടെ രാഷ്ട്രീയ ലക്ഷ്യംവച്ചുള്ള നുണപ്രചാരണങ്ങൾ അസ്ഥാനത്തായി.