ലഖ്നൗ
സ്പിന്നർമാരുടെ മിടുക്കിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് സ്വന്തം കളത്തിൽ കളി പിടിച്ചു. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദിനെ റണ്ണൊഴുക്കാൻ അനുവദിക്കാതെ പൂട്ടിയ ലഖ്നൗ അഞ്ച് വിക്കറ്റിന് ജയിച്ചു.
സ്കോർ: ഹൈദരാബാദ് 8–-121, ലഖ്നൗ 5–-127
ക്യാപ്റ്റൻ കെ എൽ രാഹുലും (31 പന്തിൽ 35) ക്രുണാൽ പാണ്ഡ്യയും (23 പന്തിൽ 34) ലഖ്നൗ വിജയത്തിന് അടിത്തറയിട്ടു. നാല് ഓവർ ബാക്കിയിരിക്കെ നിക്കോളാസ് പുരാൻ (6 പന്തിൽ 11) സിക്സറടിച്ച് വിജയമൊരുക്കി. മാർകസ് സ്റ്റോയിനിസ് (13 പന്തിൽ 10) കൂട്ടായി. ഓപ്പണർ കൈൽ മയേഴ്സും (13) ദീപക് ഹൂഡയും (7) നിരാശപ്പെടുത്തി.
നാല് ഓവറിൽ 18 റൺ വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ക്രുണാലിന്റെ പന്തുകൾ ഹൈദരാബാദിനെ പൂട്ടുന്നതിൽ നിർണായകമായി. 40–-ാം വയസ്സിലും സമർഥമായി പന്ത് തിരിച്ച അമിത് മിശ്ര 23 റൺ വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് സ്വന്തമാക്കി. 41 പന്ത് കളിച്ച് 35 റൺ നേടിയ രാഹുൽ ത്രിപാഠിയാണ് ഉയർന്ന സ്കോറുകാരൻ. ഓപ്പണർ അൻമോൽപ്രീത് സിങ് 26 പന്തിൽ 31 റൺ നേടി.
മൂന്നാംഓവറിൽ ഓപ്പണർ മായങ്ക് അഗർവാളിനെ (8) നഷ്ടപ്പെട്ട ആഘാതത്തിൽനിന്ന് ഹൈദരാബാദ് കരകയറിയില്ല. ആദ്യ മത്സരത്തിനിറങ്ങിയ ദക്ഷിണാഫ്രിക്കൻ താരമായ ക്യാപ്റ്റൻ എയ്ദൻ മാർക്രം ആദ്യ പന്തിൽ പുറത്തായി. ക്രുണാലിന്റെ പന്തിൽ ബൗൾഡ്. അബ്ദുൽ സമദ് 10 പന്തിൽ പുറത്താകാതെ 21 റൺ നേടിയത് രക്ഷയായി. ലഖ്നൗ മൂന്ന് കളിയിൽ രണ്ട് ജയവുമായി പട്ടികയിൽ ഒന്നാമതെത്തി. രണ്ട് കളിയും തോറ്റ ഹൈദരാബാദ് അവസാനസ്ഥാനത്താണ്.
പോയിന്റ് പട്ടിക
(ടീം, കളി, ജയം, തോൽവി, പോയിന്റ്)
ലഖ്നൗ 3 2 1 4
ഗുജറാത്ത് 2 2 0 4
പഞ്ചാബ് 2 2 0 4
കൊൽക്കത്ത 2 1 1 2
രാജസ്ഥാൻ 2 1 1 2
ചെന്നൈ 2 1 1 2
ബാംഗ്ലൂർ 2 1 1 2
ഡൽഹി 2 0 2 0
മുംബൈ 1 0 1 0
ഹൈദരാബാദ് 2 0 2 0