ന്യൂഡൽഹി
കോൺഗ്രസിന് കടുത്ത തിരിച്ചടിയേകി പ്രമുഖ കോണ്‍ഗ്രസ് നേതാവും ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കിരൺകുമാർ റെഡ്ഡി ബിജെപിയിൽ ചേർന്നു. ഇതോടെ ബിജെപിയിൽ ചേരുന്ന കോൺഗ്രസ് മുൻമുഖ്യമന്ത്രിമാരുടെ എണ്ണം ഒമ്പതായി. ആന്ധ്രയിൽ അടുത്തവർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കാലുമാറ്റം. അവിഭക്ത ആന്ധ്രപ്രദേശിന്റെ അവസാന മുഖ്യമന്ത്രിയായിരുന്നു റെഡ്ഡി. റായലസീമക്കാരനായ റെഡ്ഡി ഈ മേഖലയിൽ ശക്തമായ സാന്നിധ്യമാകുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. പാർടി വിട്ട റെഡ്ഡി കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചു. ‘കോൺഗ്രസ് വിടുമെന്നോ ബിജെപിയിൽ ചേരുമെന്നോ ഒരിക്കലും കരുതിയിട്ടില്ല. എന്റെ രാജാവ് അതിബുദ്ധിമാനാണ്. എന്നാൽ, സ്വന്തമായി ചിന്തിക്കാനുള്ള കഴിവില്ല; ആരുടെയും ഉപദേശങ്ങൾ കേൾക്കില്ല എന്നൊരു പഴഞ്ചൊല്ലുണ്ട്. തെറ്റുതിരുത്താനോ ജനങ്ങളുടെ മനസ്സ് അറിയാനോ കോൺഗ്രസ് നേതൃത്വത്തിന് ശേഷിയില്ല ’–- റെഡ്ഡി പറഞ്ഞു.
ആന്ധ്രപ്രദേശ് വിഭജിച്ച് 2014ൽ തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിനെ റെഡ്ഡി ശക്തമായി എതിർത്തിരുന്നു. എതിർപ്പ് മറികടന്ന് യുപിഎ സർക്കാർ ആന്ധ്രപ്രദേശ് വിഭജിച്ചതോടെ കോൺഗ്രസുമായി അകന്ന് ‘ജയ് സമഐക്യ ആന്ധ്ര’ എന്ന പാർടിയുണ്ടാക്കി. 2018ൽ കോൺഗ്രസിൽ തിരിച്ചെത്തി.
കോണ്‍ഗ്രസുമായി റെഡ്ഡി കുടുംബത്തിനുള്ള എഴുപതു വര്‍ഷം നീണ്ട ബന്ധത്തിനാണ് ഇപ്പോള്‍ അന്ത്യമായത്. റെഡ്ഡിയുടെ പിതാവ് അമര്‍നാഥ് റെഡ്ഡ് നരസിംഹറാവു മന്ത്രിമന്ത്രിസഭയില് അംഗമായിരുന്നു.കിരൺകുമാർ റെഡ്ഡി കോണ്‍ഗ്രസ് ചീഫ് വിപ്പ്, സ്പീക്കര്‍ എന്നീ പദവികളും വഹിച്ചിരുന്നു.
ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, ദേശീയസെക്രട്ടറി അരുണ്‍സിങ്, ഒബിസി മോര്‍ച്ച ദേശീയ അധ്യക്ഷന്‍ കെ ലഷ്മണ്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് റെഡ്ഡി ബിജെപിഅംഗത്വം സ്വീകരിച്ചത്.
കോൺഗ്രസ് സംഭാവന ചെയ്ത ബിജെപി മുഖ്യമന്ത്രിമാർ
ത്രിപുര മുഖ്യമന്ത്രി മണിക് സാഹ
അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വസ് ശർമ
മണിപ്പുർ മുഖ്യമന്ത്രി എൻ ബിരെൻ സിങ്
●മോദി മന്ത്രിസഭയിലെ റാവു ഇന്ദ്രജിത് സിങ്, ജ്യോതിരാദിത്യ സിന്ധ്യ, നാരായൺ റാണെ എന്നിവരും കോൺഗ്രസ് നേതാക്കളായിരുന്നു.
●ബിജെപിയില്‍ എത്തിയ പിസിസി പ്രസിഡന്റുമാർ
റീത്ത ബഹുഗുണ ജോഷി (യുപി)
സുനിൽ ജക്കാർ
(പഞ്ചാബ്)
ഹർദിക് പാട്ടേൽ
(ഗുജറാത്ത്)
●2014നു ശേഷം ഇരുനൂറിലധികം കോൺഗ്രസ് എംഎൽഎമാരും എംപിമാരും പാർടി വിട്ടു.