കൊൽക്കത്ത
ആഭ്യന്തര സീസണിൽ അരങ്ങേറ്റം കുറിച്ചിട്ടില്ല. മറ്റ് താരങ്ങളെപോലെ പ്രൊഫഷണൽ മത്സരപരിചയവും ഇല്ല. എങ്കിലും ആദ്യ ഐപിഎൽ കളിക്കിറങ്ങിയ സുയാഷ് ശർമയ്ക്ക് അമ്പരപ്പുണ്ടായിരുന്നില്ല. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ സ്വാധീനതാരമായി (ഇംപാക്റ്റ് പ്ലെയർ) രണ്ടാംഇന്നിങ്സിൽ കളത്തിലിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്പിന്നർ ആദ്യകളിയിൽ വരവറിയിച്ചു. വരുൺ ചക്രവർത്തിക്കും സുനിൽ നരെയ്നും ഒപ്പം ബാംഗ്ലൂരിനെ തരിപ്പണമാക്കുന്നതിൽ നിർണായകമായി പത്തൊമ്പതുകാരൻ. നാല് ഓവറിൽ 30 റൺ വിട്ടുനൽകി നേടിയത് മൂന്ന് വിക്കറ്റ്. ഒറ്റരാത്രികൊണ്ട് ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ വിസ്മയമായി മാറിയിരിക്കുകയാണ് സുയാഷ്.
രണ്ടുവർഷംമുമ്പ് എന്നന്നേക്കുമായി ക്രിക്കറ്റ് മതിയാക്കാൻ തീരുമാനിച്ചതായിരുന്നു. കാരണം വീട്ടിലെ കഷ്ടപ്പാടുതന്നെ. അർബുദബാധിതനായ അച്ഛൻ. ചേട്ടനും ചേച്ചിയുമായിരുന്നു കുടുംബം പുലർത്തിയത്. കുട്ടിക്കാലത്ത് ക്രിക്കറ്റ് മാത്രം സ്വപ്നം കണ്ടുനടന്ന കൗമാരക്കാരന് കോവിഡ് സമയത്ത് എല്ലാം മടുത്തു. മതിയായ അവസരങ്ങളൊന്നും ലഭിക്കാത്തതായിരുന്നു കാരണം. ഡൽഹിയിലെ മദ്രാസ് ക്ലബ്ബിനും ദേന ബാങ്കിനും കളിച്ചെങ്കിലും ജൂനിയർ ടീമുകളിലൊന്നും ഇടംപിടിക്കാനായില്ല. മുൻ ഡൽഹി താരമായിരുന്ന കർതാർ നാതായിരുന്നു കളിനിർത്താനുള്ള വലംകൈയൻ സ്പിന്നറുടെ തീരുമാനത്തെ തിരുത്തിയത്. ക്ഷമയോടെ കാത്തിരിക്കൂ എന്നായിരുന്നു കർതാറിന്റെ നിർദേശം.
കാത്തിരിപ്പിന് ഫലമുണ്ടായി. ഡൽഹി അണ്ടർ 25 ടീമിൽ സ്ഥാനം കിട്ടി. പിന്നാലെ കൊൽക്കത്തയുടെ ട്രയൽസിലും പങ്കെടുത്തു. കഴിഞ്ഞ ഐപിഎൽ ലേലത്തിൽ അടിസ്ഥാനവിലയായ 20 ലക്ഷം രൂപയ്ക്ക് നൈറ്റ് റൈഡേഴ്സിലെത്തി. ടീമിന്റെ രണ്ടാംമത്സരത്തിൽ സ്വാധീനതാരമായി കളത്തിലിറക്കുകയും ചെയ്തു. ക്യാപ്റ്റന്റെ വിശ്വാസം ലെഗ് സ്പിന്നർ തെറ്റിച്ചില്ല. ഗൂഗ്ലിയും ലെഗ് സ്പിന്നും ഒരേ വേഗത്തിൽ എറിയാൻ കഴിയുമെന്നതാണ് സവിശേഷത.