ടൂറിൻ
ഇന്റർ മിലാൻ മുന്നേറ്റക്കാരൻ റൊമേലു ലുക്കാക്കുവിനെതിരെ വംശീയാധിക്ഷേപം. ഇറ്റാലിയൻ കപ്പ് ഫുട്ബോൾ ആദ്യപാദ സെമിയിൽ യുവന്റസിനെതിരെ സമനിലഗോൾ നേടിയതിനുപിന്നാലെയാണ് അധിക്ഷേപം. ഒരുകൂട്ടം യുവന്റസ് ആരാധകർ ഗ്യാലറിയിൽനിന്ന് കുരങ്ങനെന്നും കറുത്തവനെന്നും ലുക്കാക്കുവിനെതിരെ ആക്രോശിച്ചു.
ഇറ്റലിയിൽ ഇത് മൂന്നാംതവണയാണ് ബൽജിയം മുന്നേറ്റക്കാരൻ വംശീയാധിക്ഷേപത്തിന് വിധേയനാകുന്നത്. 2019ൽ കാഗ്ലിയാരി ആരാധകരും പിന്നീട് നാപോളി ആരാധകരും ലുക്കാക്കുവിനെതിരെ അധിക്ഷേപം ചൊരിഞ്ഞിരുന്നു.
യുവന്റസിനെതിരെ പരിക്കുസമയം പെനൽറ്റിയിലൂടെയാണ് ലുക്കാക്കു ഗോളടിച്ചത്. പ്രകോപനങ്ങളൊന്നുമില്ലാതെ പതിവുരീതിയിൽ ഗോൾനേട്ടം ആഘോഷിച്ചതിന് ഇരുപത്തൊമ്പതുകാരന് മത്സരത്തിലെ രണ്ടാം മഞ്ഞക്കാർഡും റഫറി നൽകി. ഇതോടെ കളംവിടുകയും ചെയ്തു ലുക്കാക്കു.















